"വിശപ്പ് സഹിക്കാൻ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ച കാലം. ഒടുവിൽ ചവറുകൂനയിൽ നിന്ന് ഭക്ഷണം വാരി കഴിച്ചു". ട്രാൻസ്ജെൻഡർ സജ്‌ന ഷാജി പറഞ്ഞു തുടങ്ങുന്നു. ജീവിതം മാറ്റിയ ബിരിയാണിക്ക് പിന്നിലെ കഥ.
സജ്‌നയുടെ 60 രൂപ ബിരിയാണി, പോരാട്ടത്തിന്റെ കഥയും രുചിയും പങ്കുവയ്ക്കുന്നുണ്ട്. വീട്ടില്‍ തന്നെയാണ് പാചകം. പ്രതിദിനം 200 ബിരിയാണിയെങ്കിലും ആളുകളിലെത്തിക്കും. നാടൻ രുചി കൂട്ടിൽ വാഴയിലയിൽ പൊതിഞ്ഞ നല്ല ചൂട് ബിരിയാണിക്ക് കൊച്ചിയിൽ ആവശ്യക്കാർ ഏറെയാണ്.
ഉച്ചക്ക് 12 മണിയോടെ പൊതി ബിരിയാണി തയ്യാറാകും. കൊച്ചി നഗരത്തിലും കാക്കനാടുമായി പഴയ വാഹനത്തിൽ കൊണ്ടുവന്നാണ് വില്പന. പതിമൂന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയതാണ് സജ്‌ന. ജീവിക്കാൻ മുന്നിൽ രണ്ടു വഴികൾ. ഒന്നുകിൽ ഒരു ലൈംഗിക തൊഴിലാളി ആവുക അല്ലെങ്കിൽ ഭിക്ഷാടനം.
എങ്കിലും വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും സജ്ന പറയുന്നു. പ്രതിസന്ധികളെ പോരാട്ടത്തിലൂടെ അതിജീവനത്തിലേക്കു എത്തിച്ച സജ്‌ന ബിരിയാണി സംരംഭത്തിലൂടെ മൂന്നുപേർക്ക് ജോലിയും നൽകി.
കച്ചവടത്തിനുള്ളവയ്ക്ക് പുറമേ കുറച്ച് ബിരിയാണി പൊതികൾ അധികം ഉണ്ടാകും വണ്ടിയിൽ. വിശപ്പിനോട് പോരാടുന്നവർക്കുള്ള സജനയുടെ കരുതലാണ്. ഓൺലൈനിലൂടെയും ഇനി സജ്നയുടെ ബിരിയാണി ആവശ്യക്കാരിലേക്ക് എത്തും. അതിജീവനത്തിന്റെ സ്വാദുള്ള സജ്നയുടെ ബിരിയാണി ഇന്ന് എറണാകുളത്തെ പ്രിയപ്പെട്ട രുചിക്കൂട്ടുകളിൽ ഒന്നായി മാറുകയാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.