കൊച്ചി: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. അന്ന രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറി ഭീഷണീ മുഴക്കിയത്. ഇതര സംസ്ഥാനക്കാരായ ട്രാൻസ്ജെണ്ടർമാർ ആക്രമിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഭീഷണിയെന്ന് അന്നാ രാജു പറയുന്നു.
നാലു മണിക്കൂറോളം ആൽമരത്തിന് മുകളിൽ ഇരുന്ന അന്നയെ പിന്നീട് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് താഴെ ഇറക്കിയത്. ഏറെ നേരം നീണ്ട അനുനയ നീക്കത്തിനൊടുവിലാണ് അന്നാ രാജു താഴെ ഇറങ്ങാൻ സന്നദ്ധത കാട്ടിയത്.
ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികൾ ഇക്കഴിഞ്ഞ 17 ന് അന്നയേയും മറ്റും അക്രമിച്ചിരുന്നു. ഇതിൽ അന്നയും ഒപ്പമുണ്ടായിരുന്നവരും ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പിന്നീട് കേസിനെകുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോൾ സിഐ മോശമായി സംസാരിച്ചുവെന്നാണ് അന്നാ രാജു ആരോപിക്കുന്നത്. തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്ന് അന്നാ രാജു പറയുന്നു.
ഇന്ന് പുലർച്ചെ പൊലീസ് സ്റ്റേഷനിലെത്തിയ അന്നാ രാജു ആൽമരത്തിലേക്ക് കയറുകയായിരുന്നു. പ്രതികൾക്കെതിരെ നടപടി എടുക്കാതെ താഴെ ഇറങ്ങില്ലെന്ന് പറഞ്ഞ് ആൽമരത്തിന് മുകളിൽ തന്നെ തുടരുകയായിരുന്നു. ഇതോടെയാണ് പൊലീസ്, അഗ്നിശമനസേനയെ വിവരം അറിയിച്ചത്. അഗ്നിശമനസേന സ്ഥലത്ത് എത്തിയതിന് ശേഷം നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് അവർ താഴെ ഇറങ്ങാമെന്ന് സമ്മതിച്ചത്.
അതേസമയം അന്നാ രാജുവും ഒപ്പമുണ്ടായിരുന്നവരും നൽകിയ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.