• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തു ; പ്രതിഷേധം

കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തു ; പ്രതിഷേധം

മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചോദിച്ചു.

  • Share this:
    കൊച്ചി : മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് തടഞ്ഞു. കലൂര്‍ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് തടഞ്ഞത്‌. ഇവര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ്.  പ്രതിപക്ഷ പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങില്‍  പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

    കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്‌റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചത് കൊണ്ടാണ് പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചോദിച്ചു.



    പിണറായി വിജയന്‍ എറണാകുളത്ത് വരുന്നു എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് ജീവിക്കേണ്ടേയെന്നും  ട്രാന്‍സ്‌ജെന്‍ഡേഴ്‌ ചോദിച്ചു. ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അത് ചോദ്യം ചെയ്യാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും അവര്‍ പറയുന്നു. പോലീസ് ഇവരെ പിന്തുടര്‍ന്ന് വിവരം ചോദിച്ചതിലെ പ്രതിഷേധം വൈകാരികമായതോടെ പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

    കൊച്ചിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത മറ്റൊരു പരിപാടിയില്‍ കറുത്തമാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘാടകര്‍ തടഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഈ നീക്കം സംഘാടകര്‍ ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

    രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.

    മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞു. കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.അതേസമയം വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും  യുവമോർച്ചയും യൂത്ത് കോൺഗ്രസും  മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിനു സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി.
    Published by:Arun krishna
    First published: