• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC-SWIFT ഉദ്ഘാടനം നാളെ; പത്താം തിയതിയായിട്ടും ശമ്പളം ഇല്ലാതെ തൊഴിലാളികൾ

KSRTC-SWIFT ഉദ്ഘാടനം നാളെ; പത്താം തിയതിയായിട്ടും ശമ്പളം ഇല്ലാതെ തൊഴിലാളികൾ

ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു. സംഘടനയും രംഗത്തെത്തി. KSRTC-SWIFT ഉദ്ഘാടനവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ

KSRTC-SWIFT

KSRTC-SWIFT

  • Share this:
തിരുവനന്തപുരം: വിഷുവും ഈസ്റ്റുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ (KSRTC workers). ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്തെത്തി. KSRTC-SWIFTന്‍റെ സര്‍വീസ് ഉദ്ഘാടന ദിനമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു.

എല്ലാ മാസവും അഞ്ചാം തിയതിക്ക് മുൻപ്  കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രഖ്യാപനം. പക്ഷേ പത്താം തിയതിയായിട്ടും ജീവനക്കാർക്ക്  ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ശമ്പളം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

സര്‍ക്കാരില്‍ നിന്ന് ശമ്പളത്തിനായുള്ള തുക വാങ്ങിയെടുക്കുന്നതില്‍ മാനേജ്മെന്‍റിന് ജാഗ്രതക്കുറവെന്ന് സി.ഐ.ടി.യു. യൂണിയന്‍ ആരോപിച്ചു. സമരത്തിനിറങ്ങാന്‍ പ്രേരിപ്പിക്കരുമെന്നും യൂണിയൻ KSRTEA ജനറല്‍ സെക്രട്ടറി എസ്. വിനോദ് പറഞ്ഞു. മാനേജ്മെന്‍റിന് ദീര്‍ഘദൂര സര്‍വീസിനായി തുടങ്ങിയ KSRTC- SWIFT കമ്പനിയോടാണ് താത്പര്യമെന്ന് പ്രതിപക്ഷ യൂണിയനുകൾ ആക്ഷേപിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോര്‍പ്പറേഷന്‍ കടന്നുപോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 90 കോടി രൂപയാണ് മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യം. കെ.എസ്.ആര്‍.ടി.സി. ദീർഘ ദൂര സർവ്വീസുകൾക്കായുളള KSRTC സ്വിഫ്റ്റ് ഉദ്ഘാടനം നാളെയാണ് . എന്നാൽ KSRTCയെ തകര്‍ക്കാന്‍ കൊണ്ടുവന്ന SWIFTമായി ഒരു സഹകരണത്തിനുമില്ലെന്ന് ടിഡിഎഫും, ബിഎംഎസും നിലപാടിലാണ്. സ്വിഫ്റ്റിന്‍റെ ഉദ്ഘാടനത്തിന് ക്ഷണമുണ്ടെങ്കിലും സഹകരിക്കില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു.

ഏപ്രിൽ 11ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് KSRTC- SWIFT ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്. ബസുകളുടെ ബുക്കിംഗ് ആരംഭിച്ചു. തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭ്യമായിരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ ഉണ്ട്. തിരുവനന്തപുരം - ബാംഗ്ലൂർ റൂട്ടിൽ SWIFT എ.സി. സർവ്വീസുകളിൽ ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സർട്ടിഫിക്കറ്റും നൽകുമെന്നാണ് പ്രഖ്യാപനം. ഏപ്രിൽ 30 വരെ 100 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടാതെ  തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്ന് ബംഗളുരുവിലേക്കും തിരികെയും എ.സി. സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നോൺ എ.സി. ബസുകൾ കേരളത്തിനകത്താണ് സർവ്വീസ് നടത്തുക.

Summary: KSRTC employees raise complaint as they have not received their salary even on the 10th day of the month. However, KSRTC- SWIFT, an independent company for operating long-distance buses of KSRTC is ready to start service from April 11 onwards
Published by:user_57
First published: