• HOME
  • »
  • NEWS
  • »
  • kerala
  • »
  • മഴക്കെടുതി: മൂന്നാർ ഉൾപ്പടെ ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രികർക്ക് വിലക്ക്

മഴക്കെടുതി: മൂന്നാർ ഉൾപ്പടെ ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രികർക്ക് വിലക്ക്

നിരോധനം ജില്ലാ അതിർത്തിയിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടർ

  • Last Updated :
  • Share this:
    ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മണ്ണിടിച്ചിൽ ശക്തമായതോടെ ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം യാത്രികർക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ നിരോധനം ജില്ലാ അതിർത്തിയിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. കാലർവഷത്തോട് അനുബന്ധിച്ചുണ്ടായ മഴയെ തുടർന്ന് മൂന്നാർ ഉൾപ്പടെയുള്ള മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം മാർഗതടസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തുടർച്ചയായുള്ള അവധി ദിവസങ്ങളിൽ സഞ്ചാരികൾ മൂന്നാർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തുന്നത് അപകടം വർദ്ധിപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

    അതിനിടെ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മൂന്നാര്‍-വട്ടവട റോഡില്‍ പുതുക്കുടിയില്‍ വീണ്ടും ഉരുള്‍പൊട്ടി. സ്ഥലത്തെ ഒരു വീടിന്‍റെ കുറച്ചുഭാഗം മണ്ണിനടിയിലായി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഞായറാഴ്ച രാവിലെ തുറന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിലാണ് ഡാം തുറന്നത്.

    ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ഘനയടി ജലം ഒഴുക്കി വിടുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോള്‍ ഓറഞ്ച് അലര്‍ട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

    ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലൂടെയും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്ത് പരിധികളിലൂടെയുമാണ് വെള്ളമൊഴുകുന്നത്. ഇവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്‍റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടിത്തവും നിരോധിച്ചതായും ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു.
    Published by:Anuraj GR
    First published: