ന്യൂഡൽഹി: ദൃശ്യങ്ങളുടെ പരിശോധനാ ഫലം ലഭിക്കും വരെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവയ്ക്കണമെന്ന നടൻ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യില്ലെന്നും സാക്ഷി വിസ്താരം നടത്താമെന്നും കോടതി അറിയിച്ചു. റിപ്പോർട്ട് വന്ന ശേഷം ദിലീപിന്റെ ക്രോസ് വിസ്താരം നടത്തും. ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് മൂന്നാഴ്ചക്കകം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ആവശ്യം തള്ളിയത്.
ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്കു കഴിഞ്ഞദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി.
കേസിലെ ഒൻപതാം പ്രതിയാണു ദിലീപ്. കോടതി പരിശോധിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ തനിപ്പകർപ്പാണു പരിശോധനയ്ക്ക് അയച്ചത്. ഇതേ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ വിചാരണക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ അടച്ചിട്ട കോടതി മുറിയിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രതിഭാഗത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇത്തരം പരിശോധനകളുടെ ചെലവു പ്രതിഭാഗം വഹിക്കണം.
പ്രതിഭാഗത്തിനൊപ്പം ദൃശ്യങ്ങൾ പരിശോധിച്ച സാങ്കേതിക വിദഗ്ധൻ തയാറാക്കിയ ചോദ്യാവലികൾക്കൊപ്പമാണു ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയച്ചത്. കേന്ദ്ര ഫോറൻസിക് ലാബിന്റെ പരിശോധനാ റിപ്പോർട്ട് വിചാരണയുടെ ഈ ഘട്ടത്തിൽ തെളിവായി സ്വീകരിക്കില്ലെങ്കിലും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനായി ഉപയോഗിക്കാൻ കഴിയും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.