ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയേകുന്ന മധുര - ബോഡിനായ്ക്കന്നൂർ ( Madurai- Bodinayakanur) റെയിൽപാതയിൽ ആണ്ടിപ്പെട്ടി മുതൽ തേനി (Andipatti-Theni) വരെയുള്ള 17 കിലോ മീറ്റർ ഭാഗത്തു ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. ഇതിനു മുന്നോടിയായി മധ്യ റെയിൽവേ സുരക്ഷാ കമ്മീഷണർ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തിൽ പരിശോധന നടത്തിയിരുന്നു. 120 കിലോമീറ്റർ വേഗത്തിൽ 4 ബോഗികൾ ഘടിപ്പിച്ച ട്രെയിൻ കടന്നുപോയപ്പോൾ നാട്ടുകാർ ആവേശത്തോടെയാണു വരവേറ്റത്. മധുരയിൽ നിന്നു തേനി വരെ ഇനി ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയും.
തേനിയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെയുള്ള 17 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയാകാനുണ്ട്. മധുരയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെ 91 കിലോമീറ്റർ ആണുള്ളത്. ഇതിൽ മധുര മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ഭാഗത്തെ ജോലികൾ പൂർത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഭാഗത്തെ പരീക്ഷണ ഓട്ടമാണു രണ്ടാംഘട്ടമായി ഇപ്പോൾ പൂർത്തിയാക്കിയത്.
Also Read- Camera| ഇന്ത്യയിലാദ്യം കേരളത്തിൽ; ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴും
മുൻപ് ഉണ്ടായിരുന്ന മീറ്റർഗേജ് ബ്രോഡ്ഗേജ് ആക്കുന്നതിന് 450 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിനായി 2010 ഡിസംബർ 31ന് മീറ്റർഗേജ് സർവീസ് നിർത്തി. ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലുള്ളവർക്ക് ഏറെ അനുഗ്രഹമായും. ഏലക്കാ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചരക്കുഗതാഗതവും സുഗമമാകും. ഈ പാത കേരള-തമിഴ്നാട് അതിർത്തിയായ ലോവർ ക്യാംപ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും മറ്റും രംഗത്തുണ്ട്.
മധുര - ബോഡിനായ്ക്കന്നൂർ പാതയുടെ പണികൾ പൂർത്തിയായാൽ ഇടുക്കി ശാന്തൻ പാറയിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിൻ യാത്ര നടത്താം. നിലവിൽ ഇടുക്കിക്കാർക്ക് ട്രെയിനിൽ കയറാൻ അങ്കമാലിയിലോ കോട്ടയത്തോ എത്തണം. മധുര- ബോഡിനായ്ക്കന്നൂർ പാത യാഥാർത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും. കേരളത്തിൽ നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് റെയിൽവേ പാതകളില്ലാത്തത്.
ശാന്തൻപാറയിൽനിന്ന് ബോഡിനായ്‌ക്കന്നൂരെത്താൻ 30 കിലോമീറ്ററും തേനിയിലെത്താൻ 45 കിലോമീറ്ററുമാണ് ദൂരം. കമ്പംമെട്ടിൽനിന്ന് തേനിക്ക് 53 കിലോമീറ്റർ ദൂരവുമുണ്ട്. ട്രെയിൻ എത്തുന്നത് ജില്ലയിലെ വ്യാപാരമേഖലയ്‌ക്കും സഞ്ചാരമേഖലയ്‌ക്കും ഏറെ ഗുണകരമാകും.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഇപ്പോൾ കൊച്ചിയിലോ കോട്ടയത്തോ എത്തി അവിടെനിന്ന് ടാക്സികളിലോ ബസുകളിലോ ദീർഘനേരം യാത്ര ചെയ്താണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. മധുര- ബോഡിനായ്ക്കന്നൂർ റെയിൽപാത വരുന്നതോടെ ഇടുക്കി ജില്ലയിലെ ടൂറിസം മേഖല ഏറെ പ്രതീക്ഷയിലാണ്.
തേക്കടി, മൂന്നാർ, രാമക്കൽമേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും സഞ്ചാരികൾക്ക് സൗകര്യപ്രദമായി എത്താൻ ഈ പാത സഹായകമാകും. ബോഡിനായ്ക്കന്നൂർവരെ ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇടുക്കിയിലുമെത്താം. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച് മടങ്ങാൻ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Indian railway, Madurai, Train