തിരുവനന്തപുരംകഴിഞ്ഞ തവണ പതിനയ്യായിരത്തിൽപ്പരം വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട ഇവിടെ കുമ്മനം രാജശേഖരനിലൂടെ ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ ബിജെപി രംഗത്തിറക്കി. 2014ലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ നേടിയ ലീഡ് വർദ്ധിപ്പിച്ച് വിജയം നേടാൻ തന്നെയാണ് ബിജെപിയുടെ ശ്രമം. ശബരിമല വിഷയം ഗുണം ചെയ്യുമെന്നും ഇതുവരെ വന്നതിൽ പ്രധാനപ്പെട്ട നാല് സർവ്വേകളിലും തിരുവനന്തപുരം ഒപ്പം നിൽക്കുമെന്ന പ്രവചനവും ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നു .എന്നാൽ ശശി തരൂർ എന്ന ശക്തനായ സ്ഥാനാർത്ഥിയിലൂടെ മണ്ഡലത്തിലെ മണ്ണിളകില്ലെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. കഴിഞ്ഞതവണത്തെപോലെ ന്യൂനപക്ഷ-നാടാർ വോട്ടുകൾ ഒപ്പം നിർത്തി കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ ഭൂരിപക്ഷം നേടിയും കോൺഗ്രസ് ജയം പ്രതീക്ഷിക്കുന്നു. ഒപ്പം ബിജെപി ജയിക്കാതിരിക്കാൻവേണ്ടി ഇടതുപക്ഷത്തുനിന്നു വോട്ടൊഴുകി തരൂർ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പേയ്മെന്റ് സീറ്റ് ആരോപണത്തിൽപെട്ട ദുർബലനായ സ്ഥാനാർത്ഥിയായിട്ടും കഴിഞ്ഞ തവണ വിജയവുമായുള്ള അകലം 50000 വോട്ടുകളുടേത് മാത്രമായിരുന്നുവെന്നതാണ് ഇടതുമുന്നണിയ്ക്ക് പ്രതീക്ഷ നൽകേണ്ടത്. എന്നാൽ തുടക്കംമുതൽതന്നെ ഒരു ചുവട് മുന്നിലാണെന്ന പ്രതീതിയുള്ള ബിജെപി ജയിക്കാതിരിക്കാനായി ഇടത് വോട്ടുകളിൽ നിന്നും കോൺഗ്രസിലേക്ക് ചോർച്ചയുണ്ടാകുമെന്നത് എൽഡിഎഫിന് ആശങ്കയുണർത്തുന്നുണ്ട്. ഈ ചോർച്ച ക്രമാതീതമായാൽ തെരഞ്ഞെടുപ്പിന് ശേഷം ഒരു പക്ഷേ അത് മുന്നണി ബന്ധങ്ങളെപ്പോലും തകരാറിലാക്കിയേക്കാം. ഇത് മുന്നിൽ കണ്ട് ഇടതു നേതൃത്വം ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്
തിരുവനന്തപുരം: ഹാട്രിക് അടിയ്ക്കാൻ UDF; പിടിച്ചെടുക്കാൻ LDF, അക്കൗണ്ട് തുറക്കാൻ NDAപത്തനംതിട്ടവിശ്വാസത്തിനും വൈകാരികതയ്ക്കും പുറമെ ജീവനോപാധി എന്ന നിലയിൽക്കൂടിയാണ് പത്തനംതിട്ടക്കാർ ശബരിമലയെ കാണുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഏറ്റവുമധികം സ്വാധീനിക്കുന്ന വിഷയമാണിത്.പത്തനംതിട്ട ഡിസിസി നേതൃത്വത്തിന്‍റെ എതിർപ്പ് മറികടന്നാണ് നിലവിലെ എം.പി ആന്‍റോ ആന്‍റണിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത്. ആറൻമുളയിൽ അട്ടിമറി നേടിയ വീണാ ജോർജിനെ രംഗത്തിറക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തന്നെയാണ് മുന്നിൽനിന്നത്. ശബരിമല വിഷയത്തോടെ വിശ്വാസികൾക്കിടയിൽ സ്വീകാര്യത ലഭിച്ച സുരേന്ദ്രനു വേണ്ടി അണികളും അനുഭാവികളും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ പേജിൽ പരാതി പ്രളയം തീർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. വൈകിയാണെങ്കിലും സുരേന്ദ്രൻ സ്ഥാനാർത്ഥിയായത് പത്തനംതിട്ടയെ ത്രികോണ പോരാട്ടത്തിലേക്ക് എത്തിച്ചു. പ്രളയദുരിതം അനുഭവിച്ച റാന്നി, ആറൻമുള, തിരുവല്ല നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മണ്ഡലത്തിൽ പ്രളയം മനുഷ്യനിർമ്മിതമാണെന്ന വാദവും തുടർന്നുള്ള ദുരിതാശ്വാസപ്രവർത്തനങ്ങളും അവയിലെ വീഴ്ചയുമൊക്കെ വോട്ടിങിൽ പ്രതിഫലിച്ചേക്കും. സർവേകളിൽ പിന്നിലാണെങ്കിലും സി പിഎമ്മിനുള്ള ശക്തമായ അടിത്തറയും ചിട്ടയായ പ്രവർത്തനവും വനിതാ സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവവും വോട്ടാകുമെന്നാണ് എൽഡിഎഫ് ഉറച്ചുവിശ്വസിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, ഇടതുമുന്നണിയോട് ഇടഞ്ഞു നിൽക്കുന്ന ചില സഭകൾ, രാഹുലിന്റെ വരവ്, ശബരിമല വിഷയത്തിലെ നിലപാട് ഇവയൊക്കെ തുണയാകുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. ദുർബലമായ സംഘടനാസംവിധാനത്തിനും ഒളിഞ്ഞുംതെളിഞ്ഞും തോൽപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടിക്കുള്ളിലെ നേതാക്കൾക്കും ഉപരിയായുള്ള ധ്രുവീകരണം തുണയ്ക്കുമെന്നാണ് സുരേന്ദ്രന്‍റെ പ്രതീക്ഷ. സാമുദായികസംഘടനകളുടെ നിലപാടിനൊപ്പം പാർട്ടികൾക്കുള്ളിലെ ശക്തമായ അടിയൊഴുക്കുകളും വോട്ടുകൾ വിഭജിക്കപ്പെടുന്നതും ഫലത്തെ സ്വാധീനിച്ചേക്കാം.
പത്തനംതിട്ട: ഹാട്രിക്ക് തേടി UDF; പിടിച്ചെടുക്കാൻ LDF; അട്ടിമറിക്കാൻ NDAതൃശൂർരാജാജി മാത്യൂ തോമസിനെ തുടക്കത്തിലേ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണത്തിൽ മുന്നിലെത്തിയെങ്കിലും ടി. എൻ. പ്രതാപനെ അവതരിപ്പിച്ച് യുഡിഎഫ് മേൽക്കൈ തിരിച്ചുപിടിച്ചു. കഴിഞ്ഞ ലോക്സഭയിലെ ഏക അംഗത്തിന് സീറ്റ് നിഷേധിക്കപ്പെട്ടത് സിപിഐയ്ക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി. വലിയ വ്യക്തിബന്ധങ്ങളുള്ള പ്രതാപൻ പ്രചാരണരംഗത്ത് മുന്നേറുമ്പോൾ ആദ്യം തുഷാർ വെള്ളാപ്പള്ളിയെ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കി. എന്നാൽ ഒടുവിൽ രാജ്യസഭാംഗം സുരേഷ് ഗോപിയെ രംഗത്തിറക്കിയതോടെ തൃശൂരിലെ ആകെ മാറിമറിഞ്ഞു. മണ്ഡലം ഇളക്കിയുള്ള പ്രചാരണവുമായി സുരേഷ് ഗോപി കളംനിറഞ്ഞതോടെ പ്രവചനാതീതമായി. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ട് പിടിച്ച ബിജെപി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ഏഴ് മണ്ഡലങ്ങളിൽനിന്നായി രണ്ടു ലക്ഷത്തിലേറെയായി വോട്ടുവിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്. ശബരിമല ഉൾപ്പടെയുള്ള വിഷയം ശക്തമായ പ്രചാരണമാക്കുന്നതിലൂടെ വിജയം പിടിച്ചെടുക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാൽ പരമ്പരാഗത വോട്ടുകളിലൂടെ വിജയിച്ചുകയറാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളും തൂത്തുവാരിയുള്ള പ്രകടനമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസമേകുന്നത്.
സാംസ്കാരിക തലസ്ഥാനത്ത് ആരാകും താരം?പാലക്കാട്പരമ്പരാഗതമായി ഇടതുപക്ഷത്തിന്‍റെ കോട്ടയായി അറിയപ്പെടുന്ന പാലക്കാട്ട് വർഷങ്ങളായി സ്വാധീനം വർദ്ധിപ്പിക്കുന്ന ചരിത്രമാണ് ബിജെപിക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക മുൻസിപാലിറ്റിയാണ് പാലക്കാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിലും പാലക്കാട്ടും ബിജെപി രണ്ടാമതെത്തിയിരുന്നു. ആദ്യതവണ ആയിരത്തിൽപ്പരം വോട്ടുകൾക്ക് കടന്നു കൂടിയ എം .ബി രാജേഷ് രണ്ടാമങ്കത്തിൽ ഒരുലക്ഷത്തിൽപ്പരം വോട്ടുകൾക്ക്എം.പി വീരേന്ദ്രകുമാറിനെ വീഴ്ത്തിയാണ് പാർലമെന്‍റിലേക്ക് പോയത്. മലമ്പുഴ മണ്ഡലത്തിൽ വി എസ് അച്യുതാനന്ദനു പിന്നിൽ രണ്ടാമതെത്തിയ പാലക്കാട് മുൻസിപാലിറ്റി വൈസ് ചെയർമാൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് പാലക്കാട് തെരഞ്ഞെടുപ്പ് ചൂടു കൂടിയത്. മൂന്നു പതിറ്റാണ്ട് മുമ്പ് കൈവിട്ട മണ്ഡലം ഡിസിസി പ്രസിഡന്‍റായി ജില്ലയിൽ സംഘടനാരംഗത്ത് നിറഞ്ഞുനിന്ന വി.കെ ശ്രീകണ്ഠനിലൂടെതിരിച്ചുപിടിക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം. കൂടാതെ ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലും ബിജെപി സ്വാധീനം വർധിക്കുന്നുണ്ട്.
അടിയൊഴുക്ക് നിർണായകം; പാലക്കാട് ആർക്കൊപ്പം?കോട്ടയംകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കു പറഞ്ഞാൽ യു ഡി എഫിന് എൽഡിഎഫുമായി വോട്ടിലുള്ള മേൽകയ്യും എൻ ഡി എ നേടിയ വോട്ടും ഏകദേശം തുല്യമാണ് ഒരുലക്ഷത്തി നാല്പത്തിനായിരത്തോളം. മണ്ഡലം തിരിച്ചുപിടിക്കാനായി ഒരു വർഷം ബാക്കിനിൽക്കെ സുരക്ഷിതമായ രാജ്യസഭാംഗത്വവുമായി മണ്ഡലം അനാഥമാക്കിയെന്ന ശക്തമായ വാദവുമായി പാർട്ടി ജില്ലാ സെക്രട്ടറി വി.എൻ. വാസവനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്. പി.ജെ. ജോസഫ് അവകാശവാദം ഉന്നയിച്ച സീറ്റിൽ തർക്കങ്ങൾക്കും ഒട്ടേറെ ചർച്ചകൾക്കുശേഷമാണ് മുൻ എം.എൽ.എ തോമസ് ചാഴികാടൻ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്നത്. ശബരിമല വിഷയം സ്വാധീനിച്ചേക്കാമെന്ന് കരുതുന്ന കോട്ടയത്ത് സാമുദായിക സമവാക്യങ്ങളും നിർണായകമാണ്. ശക്തമായ സ്വാധീനമുള്ള വിവിധ ക്രൈസ്തവ സഭകളും നായർ-ഈഴവ വിഭാഗങ്ങളും ആർക്കൊപ്പം നിൽക്കുമെന്നാണ് ഉറ്റുനോക്കുന്നത്. പഴയ മൂവാറ്റുപുഴയിൽപ്പെട്ട പിറവം, പാലാ എന്നിവിടങ്ങളിൽ പി.സി തോമസിനുള്ള സ്വാധീനവും നിർണായകമാണ്. അതേസമയം പുതുപ്പള്ളി, കടുത്തുരുത്തി പോലെയുള്ള ശക്തികേന്ദ്രങ്ങളെ ഒപ്പംനിർത്തി കെ.എം മാണിയുടെ സ്മരണയിൽ മുന്നേറാമെന്ന് യുഡിഎഫും, വൈക്കം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച മേൽക്കൈ നിലനിർത്തി കോട്ടയം നിയമസഭ തിരിച്ചു പിടിച്ചു മണ്ഡലം നേടാമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഏക എൻഡിഎ വിജയം 2004ൽ മൂവാറ്റുപുഴയിൽ നേടിയ പി.സി. തോമസാണ് കേരളാ കോൺഗ്രസിന്റെ എൻഡിഎ സ്ഥാനാർത്ഥിയെന്നതാണ് മത്സരത്തിന് മുറുക്കം വർദ്ധിപ്പിക്കുന്നത്. ഇപ്പോഴുള്ള കേരള കോൺഗ്രസ് നേതാക്കളിൽ ആർ. ബാലകൃഷ്ണപിള്ളയും പി.ജെ ജോസഫും കഴിഞ്ഞാൽ പാർലമെന്‍ററി രംഗത്ത് അനുഭവസമ്പത്തുള്ള മുൻകേന്ദ്രമന്ത്രി കൂടിയായ പി.സി. തോമസ് മറ്റൊരു അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.