പാലക്കാട്: അട്ടപ്പാടിയിൽ പന്ത്രണ്ട് വയസ്സുകാരൻ കത്തിയെറിഞ്ഞ് കളിയ്ക്കുന്നതിനിടെ ആദിവാസി യുവതിയ്ക്ക് പരിക്കേറ്റു. ഷോളയൂര്‍ ബോഡിചാള ആദിവാസി ഊരിലെ രേഷ്മയ്ക്കാണ് പരുക്കേറ്റത്. പുറത്ത് പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
അട്ടപ്പാടിയില്‍ കുടുംബശ്രീ നടത്തുന്ന ബ്രിഡ്ജ് സ്കൂള്‍ അധ്യാപികയാണ് രേഷ്മ. അഗളിക്ക് സമീപം താഴേ സമ്പാര്‍കോട് ഊരിലാണ് യുവതി താമസിക്കുന്നത്. ബോഡിച്ചാള ഊരു നിവാസിയായ ഇവര്‍ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോവുമ്പോഴാണ് പുറക് വശത്ത് കത്തിവന്ന് തറയ്ക്കുന്നത്. സംഭവം കണ്ട് ഭയന്ന് കുട്ടി ഓടി പോയി.
പുറത്ത് മുറിവേറ്റ രേഷ്മയ്ക്ക് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ബോഡിചാളയിലെ സ്വകാര്യ തോട്ടത്തിലെ തൊഴിലാളിയുടെ പന്ത്രണ്ടു വയസ്സുകാരനായ മകനെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പന്ത്രണ്ട് വയസ്സുകാരൻ മരത്തിൽ കത്തിയെറിഞ്ഞ് കളിയ്ക്കുന്നതിനിടയിൽ ദിശതെറ്റി ഇവരുടെ ശരീരത്തിൽ കൊള്ളുകയായിരുന്നുവെന്നാണ് കുട്ടി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തെ തുടർന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആദിവാസി ആക്ഷൻ കൗൺസിൽ അഗളിയിൽ റോഡ് ഉപരോധിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.