ആംബുലൻസില്ല, പാലമില്ല; അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ നടന്നത് 2 കിലോമീറ്റര്‍
ആംബുലൻസില്ല, പാലമില്ല; അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ നടന്നത് 2 കിലോമീറ്റര്‍
പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം.
Last Updated :
Share this:
പാലക്കാട്: അട്ടപ്പാടിയില്‍ (Attappadi) കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം. അട്ടപ്പാടിയിലെ വിദൂര ഊരായ മുരുഗളയിലേക്ക് നവജാതശിശുവിന്റെ മൃതദേഹം കുട്ടിയുടെ അച്ഛൻ അയ്യപ്പൻ എത്തിച്ചത് സാഹസികമായാണ്. ഒരു കൈയിൽ കുഞ്ഞിന്റെ മൃതദേഹവുമായി കുത്തിയൊലിക്കുന്ന തോട്ടിലെ ഒറ്റത്തടിപ്പാലത്തിൽ മറുകരകടന്നും കനത്തമഴയിൽ വനത്തിലൂടെ കിലോമീറ്ററുകൾ നടന്നുമാണ് ഊരിലെത്തിയത്. കൂടെയുണ്ടായിരുന്നത് വി കെ ശ്രീകണ്ഠൻ എം പിയും. അട്ടപ്പാടിയിലുണ്ടായിരുന്ന വി കെ ശ്രീകണ്ഠൻ എം പി ഊരിലേക്ക് പോകുന്നതിനിടെയാണ് ഇവർക്കൊപ്പം ചേർന്നത്.
കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം.
തിങ്കളാഴ്ചയാണ് മുരുഗള ഊരിലെ അയ്യപ്പൻ- സരസ്വതി ദമ്പതിമാരുടെ മൂന്നുമാസവും 25 ദിവസവും പ്രായമുള്ള പെൺകുഞ്ഞ് സജേശ്വരി മരിച്ചത്. ചെവ്വാഴ്ചയാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി ആംബുലൻസ് തടിക്കുണ്ടിലെത്തിയത്. മരിച്ച നവജാതശിശുവിന്റെ കുടുംബത്തെ കാണാൻ വി കെ ശ്രീകണ്ഠൻ എം പിയും കോൺഗ്രസ് പ്രവർത്തകരും കാത്തുനിൽക്കുന്നതായി പ്രവർത്തകർ അറിയിച്ചിരുന്നു. തടിക്കുണ്ടിൽ കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പൻ കാത്തിരുന്നു. വി കെ ശ്രീകണ്ഠൻ സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു. ഊരിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞെങ്കിലും എം പിയും ഊരിലേക്ക് അനുഗമിക്കാനൊരുങ്ങി.
കനത്തമഴയിൽ കുത്തിയൊലിക്കുന്ന ചെറുനാലിതോട് അയ്യപ്പൻ മുറിച്ചുകടന്നത് മരത്തടിയിലൂടെ കുഞ്ഞിന്റെ മൃതദേഹം ഒരുകൈയിൽ നെഞ്ചോടുചേർത്ത് പിടിച്ചിട്ടാണ്. പിന്നാലെ വി കെ ശ്രീകണ്ഠനും പുഴയ്ക്ക് അക്കരെ കടന്നു. കനത്തമഴയിൽ ചെറുനാലി തോട്ടിലും ഭവാനിപ്പുഴയിലും വെള്ളംകൂടിയാൽ മുരുഗള ഊര് ഒറ്റപ്പെടുന്ന സ്ഥിതിയാണ്. ഭവാനിപ്പുഴയ്ക്ക് കുറുകെ ഐ ടി ഡി പിയുടെ തൂക്കുപാലത്തിന്റെ പണി പുരോഗിമിച്ചുവരികയാണ്. നിലവിൽ ഊരുകാർക്ക് ചെറുനാലിത്തോട് കടക്കണമെങ്കിൽ തടിപ്പാലത്തെ തന്നെ ആശ്രയിക്കണം.
ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച് കടക്കണം. അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്. വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇതിന് പകരം ഒരു നടക്കാന്‍ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയുള്ളൂ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.