കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ഇന്ന് അർധരാത്രിയോടെ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങും. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് കടലിൽ പോവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ. വിഴിഞ്ഞം, കൊല്ലം നീണ്ടകര, കോഴിക്കോട് പുതിയാപ്പ തുടങ്ങി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ബോട്ടിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് കരയ്ക്ക് അടുപ്പിച്ച ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പഴയ വലയും കയറുമൊക്കെ മാറ്റി പുതിയത് ഇട്ടു. ഇന്ന് അർദ്ധരാത്രിയോടെ ബോട്ടുകൾ കടലിലേക്ക് പോകും.
കഴിഞ്ഞ രണ്ട് മാസം മത്സ്യത്തൊഴിലാളികൾക്ക് അക്ഷരാർത്ഥത്തിൽ വറുതിയുടെ കാലമായിരുന്നു. മുൻ വർഷങ്ങളെക്കാൾ കടൽ ക്ഷോഭം കൂടുതലായതിനാൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്കും കാര്യമായ ജോലിയുണ്ടായിരുന്നില്ല. ട്രോളിംഗ് നിരോധന സമയത്ത് ലഭിക്കുന്ന അലവൻസ് ഭൂരിഭാഗം പേർക്കും കിട്ടിയിട്ടില്ല. കുതിച്ചുയരുന്ന ഡീസൽ വിലയും മത്സ്യ ലഭ്യതയിലെ കുറവുമെല്ലാമായി കടത്തിന് മുകളിൽ കടത്തിലാണ് മിക്ക ബോട്ടുടമകളും.
ട്രോളിംഗ് പിൻവലിക്കുന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് കടലിലേക്ക് ഇറങ്ങാം എന്ന മട്ടിലാണ് തൊഴിലാളികൾ. മത്തിയടക്കമുള്ള മീനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയുണ്ട്. ഡീസലിന് ഇനിയെങ്കിലും സബ്‌സിഡി ഏർപ്പെടുത്തിയില്ലെങ്കിൽ ഈ തൊഴിൽ മേഖല തന്നെ ഇല്ലാതാവുമെന്നും തൊഴിലാളികൾ പറയുന്നു. അർധരാത്രി പന്ത്രണ്ട് മണിക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ബോട്ടുകൾ കടലിൽ ഇറങ്ങും.
ഓണക്കിറ്റ് വിതരണം അടുത്ത മാസം മുതൽ; തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങൾസംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ (Onam kit) ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കാണണമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി പായ്ക്കിംഗ് തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുമ്പ് മുഴുവൻ കിറ്റുകളുടെയും വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി കാെച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കിറ്റ് വിതരണം റേഷൻ കട ഉടമകൾ സേവന മനോഭാവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികളും സമൂഹത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നടക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും ഫെയറുകൾ നടത്തും. സപ്ലെെകോ സൂപ്പർ മാർക്കറ്റുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ പഞ്ചക്കറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നൽകും. ഫെയറിന് അനുബന്ധമായി സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും.
ഓരോ സൂപ്പർ മാർക്കറ്റിലും 250 കിറ്റികൾ ഉണ്ടാകും. വിൽപ്പന നടക്കുന്ന ഓരോ 100 കിറ്റിലും ഒരു സമ്മാനം ഉപഭോക്‌താക്കൾക്ക് നൽകും. പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതൽ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കേന്ദ്രം ഉറപ്പ് നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.
പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ ജി.എസ്.ടി. ഒഴിവാക്കി. സപ്ലൈക്കോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഒരോ സാധനങ്ങൾക്കും സബ്സിഡിക്ക് പുറമേ നാലും അഞ്ചും രൂപ കുറയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.