മഹാരാഷ്ട്ര: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചത് സ്ത്രീശക്തിയുടെ വിജയമാണെന്ന് പൊതുപ്രവർത്തക തൃപ്തി ദേശായി. ശബരിമലയിൽ കയറിയ ബിന്ദുവിനെയും കനകദുർഗയെയും തൃപ്തി ദേശായി അഭിനന്ദിക്കുകയും ചെയ്തു. ശബരിമലയിൽ വനിതാപ്രവേശനം ഇനിയും ഉണ്ടാകണമെന്നും പൊലീസിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തം കൂടിയിരിക്കുകയാണെന്നും തൃപ്തി ദേശായി പറഞ്ഞു.
തങ്ങൾ മല കയറുന്നതിനു എത്തിയപ്പോൾ സുരക്ഷ നൽകിയില്ല. എന്നാൽ, ഇത്തവണ ആരെയും അറിയിക്കാതെ എത്തിയതിനാൽ സുരക്ഷ ഒരുക്കാനായെന്നും തൃപ്തി പറഞ്ഞു. ശുദ്ധിക്രിയ നടത്തുന്നവരുടെ ചിന്താഗതി ശുദ്ധീകരിക്കണമെന്നും തൃപ്തി ദേശായി പറഞ്ഞു.
നേരത്തെ, തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തിയെങ്കിലും സുരക്ഷ നൽകാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് തൃപ്തിക്കും സംഘത്തിനും മടങ്ങിപോകേണ്ടി വന്നിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ തൃപ്തിയും സംഘവും എത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി ആളുകൾ വിമാനത്താവളത്തിനു മുന്നിൽ കൂടിയിരുന്നു.
രണ്ടാഴ്ച മുമ്പ് സന്നിധാനത്തിനു സമീപത്തു നിന്ന് പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങിയ ബിന്ദുവും കനകദുര്‍ഗയും സ്വന്തം വീടുകളിൽ എത്തിയിരുന്നില്ല. ശബരിമല ദര്‍ശനത്തിന് സാധ്യത തേടിയുള്ള നീക്കങ്ങളിലായിരുന്നു ഇരുവരും. എന്തുവന്നാലും ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് രണ്ടുദിവസം മുമ്പ് അട്ടത്തോട്ടില്‍ എത്തി ക്യാംപ് ചെയ്തു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പമ്പ പൊലീസ് സ്റ്റേഷനിലെത്തി ദർശനം നടത്തണമെന്ന് ആവശ്യമുന്നയിച്ചു. ഇരുവർക്കുമൊപ്പം ആറു പുരുഷൻമാരും ദർശനത്തിന് ഉണ്ടായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.