കൊണ്ടോട്ടി: ലക്ഷദ്വീപുകാർക്ക് വേണ്ടി ലക്ഷദ്വീപ് ഭാഷയായ ജസരിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് എം.എൽ.എ പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിൻെറ സ്വത്വത്തെയും സംസ്കാരത്തെയും അവമതിക്കാനും തകർക്കാനുമുള്ള നീക്കം എന്തു വിലകൊടുത്തും എതിർക്കേണ്ടത് ജനാധിപത്യ പാർട്ടികളുടെ രാഷ്ട്രീയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാരത്തെ നശിപ്പിച്ചുകൊണ്ട് ഭരണകൂടങ്ങൾ നെറികേടിൻെറ രാഷട്രീയം കളിച്ചപ്പോൾ നാട് ചോര പുരണ്ടതിനും തടവറയായതിനും കശ്മീർ ഉദാഹരണമാണ്. കാശ്മീരിൻെറ ഗതി ലക്ഷദ്വീപിന് വരരുത്. ജനാധിപത്യ സംഘടകളുടെ കണ്ണും കാതും ജാഗരൂകമായി ലക്ഷദ്വീപിനുമേൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലക്ഷദ്വീപിനക്കുറിച്ച് ഫുടിയുള്ള എല്ലാരും ആദരിച്ച് ബീര്യത്തോടെ കാണ്ട സംസ്ക്കാരത്തേയും ലക്ഷദ്വീപിനേയും ഇല്ലാണ്ടാക്കുവാൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്ൻ്റ നെറികെട്ട കളി എന്ന് ബെല കുട്ത്തും എതിർത്ത് തോൽപ്പിക്കുവാൻ കച്ചയും താറും മുറുക്കി രംഗത്ത് ബരേണ്ടത് എല്ലാ ജനാധിപത്യ പാർട്ടികളുടതും രാഷ്ട്രീയ ബാദ്യതയൻ്റെ എന്ന് നാൻ ഒറച്ച് ബിശോദിക്കിൻ്റെ . സംസ്കാരത്തക്ക് കൈബച്ച് നാട് ഭരിക്കിൻ്റോനെല്ലം കാശ്മീരിൽ കളിച്ച നെറികെട്ട രാഷ്ട്രീയ കളിക്ക് ശോര ഫെരണ്ടും തടവറ നിറച്ചും പ്രതിശേധിച്ചത് നമ്മാ മുന്നൽ ബെലിയ ഉദാഹരണമായ് ഉണ്ട്. ഈ ഗതി നമ്മാ ലക്ഷദ്വീപൂൻ ഉണ്ടാകര്ത്. അത് കൊണ്ട് ലക്ഷദ്വീപിന സംരക്ഷിപ്പാൻ നമ്മാ കണ്ണും കാതും ഖൽബും തൊറന്ന് ജാഗ്രതയോടെ ലൈക്കോണും. നിങ്ങളകൂട നാൻ ഉണ്ടാകും എന്നാ ഫാർട്ടിയും.
ഇതിനിടെ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചു. ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യം തീര്‍ത്തും അപലപനീയമാണെന്നും നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അവര്‍. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അവര്‍ ചികിത്സയ്ക്കും മറ്റും വരാറുള്ളത്. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപ് നിവാസികളും കേരളവും മുന്നോട്ട് പോകുന്നത്. ഇത് തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നത്. അത്തരം നിലപാടുകള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lakshadweep, Lakshadweep row