HOME » NEWS » Kerala » TVM CONTEST IN MORE THAN 40 WARDS IN TRIVANDRUM CORPORATION GG TV

TVM തിരുവനന്തപുരം കോർപറേഷനിൽ 'കിഴക്കമ്പലം മോഡൽ'; 40 ലേറെ വാർഡുകളിൽ സ്വന്തം സ്ഥാനാർഥികളുമായി 'ട്രിവാൻഡ്രം വികസന മുന്നേറ്റം'

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവർ തുടങ്ങിയ ഓൺലൈൻ കൂട്ടായ്മയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്.

News18 Malayalam | news18-malayalam
Updated: November 11, 2020, 11:19 PM IST
TVM തിരുവനന്തപുരം കോർപറേഷനിൽ 'കിഴക്കമ്പലം മോഡൽ'; 40 ലേറെ വാർഡുകളിൽ സ്വന്തം സ്ഥാനാർഥികളുമായി 'ട്രിവാൻഡ്രം വികസന മുന്നേറ്റം'
News 18
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കിഴക്കമ്പലം മോഡലുമായി രംഗത്തെത്തിയ "ട്രിവാൻഡ്രം വികസന മുന്നേറ്റം" കോർപറേഷനിൽ നാൽപതിലധികം വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു. 35 ൽപരം വാർഡുകളിൽ ജയസാധ്യതയുണ്ടെന്നും നേതൃത്വത്തിന്റെ വിലയിരുത്തൽ.

സ്ഥാനാർത്ഥികളെ നിർത്താത്ത മറ്റ് വാർഡുകളിൽ വികസനത്തെ അനുകൂലിക്കുന്നവർക്ക് പിന്തുണ നൽകുമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ടെക്നോപാർക്ക് മുൻ സിഇഒ കൂടിയായ വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവർ തുടങ്ങിയ ഓൺലൈൻ കൂട്ടായ്മയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്.

സര്‍ക്കാരും പ്രതിപക്ഷവുമടക്കം സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നതിന് മറുപടി നല്‍കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. നഗരവികസനം മാത്രമാണ് ലക്ഷ്യമെന്ന് കൂട്ടായ്മ പ്രതിനിധികള്‍ പറയുന്നു. കിഴക്കമ്പലത്തെ 20-20 മാതൃകയില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 100-100 എന്ന ലക്ഷ്യവുമായാണ് തിരുവനന്തപുരം വികസന മുന്നേറ്റം അഥവാ TVM കൂട്ടായ്മ രൂപീകരിച്ചത്.

എന്നാൽ എല്ലാ വാർഡിലും സ്ഥാനാർഥികളെ നിർത്തേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഓൺലൈൻ സർവ്വെകളിലൂടെ കണ്ടെത്തിയ വിജയസാധ്യതയുള്ള വാർഡുകളിൽ മത്സരിക്കും. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ടെക്‌നോപാര്‍ക്കില ഐടി കമ്പനികൾ തുടങ്ങി നിരവധി സംഘടനകള്‍ നീക്കത്തിന് പിന്നിലുണ്ട്.

തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മത്സരിക്കാത്ത മണ്ഡലങ്ങളിൽ വികസന നിലപാടിനോട് യോജിക്കുന്നവർക്ക് പിന്തുണ നൽകുമെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചു. ചില സ്ഥലങ്ങളിൽ തിരുവനന്തപുരം വികസന മുന്നേറ്റം എന്ന പേരിൽ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.



വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് വിമാനത്താവള സ്വകാര്യവല്‍കരണ ആവശ്യവുമായി ഒന്നിക്കുന്നത്.  അദാനിയ്ക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നു എന്ന പ്രചാരണം തെറ്റാണെന്നും നേതൃത്വം പറയുന്നു.
Published by: Gowthamy GG
First published: November 11, 2020, 11:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories