കൊച്ചി: കാക്കനാട് ഹോട്ടലില്‍ നോ ഹലാല്‍ ബോര്‍ഡ് വെച്ചതിന് ആക്രമിച്ചു എന്ന പേരില്‍ നല്കിയ പരാതിയില്‍ വഴിത്തിരിവ്. ബോര്‍ഡ് വെച്ചതിന് ചിലരുടെ ആക്രമണത്തിന് ഇരയായി എന്നു കാണിച്ച് ഹോട്ടല്‍ നടത്തിപ്പുകാരിയായ തുഷാര നന്ദുവാണ് സോഷ്യല്‍ മീഡിയയിലൂടെ പരാതിയുമായി രംഗത്ത് വന്നത്.
ആക്രമണത്തിന് കാരണം തന്റെ ഹോട്ടലിന് മുന്നില്‍ തൂക്കിയ നോ ഹലാല്‍ ബോര്‍ഡ് ആണെന്നും ഇത് മാറ്റാന്‍ ആവശ്യപ്പെട്ടാണ് മര്ദ്ദനമെന്നുമായിരുന്നു ഇവര്‍ നവമാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞത്. ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതിയും നല്കി.
നോ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പോര്‍ക്ക് വിളമ്പിയതിനും മര്‍ദ്ദിച്ചു എന്ന തരത്തിലുള്ള അവരുടെ ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും വക്താവ് സന്ദീപ് വാചസ്പതിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തു വന്നു. ബി ജെ പി പ്രാദേശിക ഘടകവും പ്രത്യക്ഷ പ്രതിഷേധത്തിനെത്തി.
എന്നാല്‍ സംഭവം അന്വേഷിച്ച പൊലീസിന് പരാതിക്ക് വിരുദ്ധമായ വിവരങ്ങളും തെളിവുകളുമാണ് ലഭിച്ചത്. നോ ഹലാല്‍ വിവാദ സംഭവത്തിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി പോലീസ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. കേസിന്റെ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് കഥ മെനഞ്ഞതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുല്‍ എന്ന യുവാവിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും ഭര്‍ത്താവ് അജിത്തും മറ്റ് രണ്ടു പേരും കൂടി പൊളിച്ചു മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചു. എന്നാല്‍ നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി തുഷാര കേസ് നല്‍കുകയായിരുന്നു. സി. സി. ടി. വി ദൃശ്യങ്ങള്‍ ഇതിന് തെളിവായി കാണിച്ച് പൊലീസ് പറയുന്നു.
ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിത ആക്രമണമാണ് ഇതെന്ന് കണ്ടെത്തി. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍, ഫുഡ് കോര്‍ട്ടിന്റ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.
തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ പൊലീസ് രജിസ്?റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം വിദ്വേഷ പ്രസ്താവനകളുമായി തുഷാര നന്ദുവിന്റെ വിഡിയോ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
തുഷാരക്ക് അവകാശമുണ്ടെന്ന പറയുന്ന കടയില്‍ ഇതുവരെ കച്ചവടം ആരംഭിച്ചിട്ടില്ല. തുഷാരയക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നതിനും അന്വേഷണം വഴിതിരിച്ചു വിടുന്ന അതിനുവേണ്ടിയാണ് നോണ്‍ ഹലാല്‍ എന്ന പേരില്‍ വിവാദമുണ്ടാക്കുകയും പരാതി നല്‍കുകയും ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
അക്രമത്തിനു ശേഷം ആദ്യ ഘട്ടത്തില്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതായി പ്രചരിപ്പിച്ചിരുന്നു എങ്കിലും ഇപ്പോള്‍ പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.