മരടിലെ രണ്ട് ഫ്ളാറ്റുകൾ ഇന്ന് നിലംപൊത്തും; എട്ടുമണിമുതൽ നിരോധനാജ്ഞ

രാവിലെ 10.30ന്‌ സ്ഫോടനത്തിനുള്ള ആദ്യ സൈറൺ മുഴങ്ങും. 10.55ന് രണ്ടാം സൈറൺ. 10.59ന് മൂന്നാം സൈറൺ മുഴങ്ങും. പിന്നാലെ വെടിമരുന്നിലേക്ക് തീപടർത്താൻ ബ്ലാസ്റ്റർ വിരലമർത്തും. മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്ഫോടനങ്ങൾ.

News18 Malayalam | news18-malayalam
Updated: January 11, 2020, 7:15 AM IST
മരടിലെ രണ്ട് ഫ്ളാറ്റുകൾ ഇന്ന് നിലംപൊത്തും; എട്ടുമണിമുതൽ നിരോധനാജ്ഞ
maradu flat
 • Share this:
കൊച്ചി: മരടിൽ സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച നാല് ഫ്ളാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും. അവശേഷിച്ച രണ്ടെണ്ണം ഞായറാഴ്ചയും നിലംപതിക്കും. 325ഓളം കുടുംബങ്ങളുടെ വാസസ്ഥലമാണ് രണ്ടുദിവസമായി കോൺക്രീറ്റ് അവശിഷ്ടമായി മാറുന്നത്.

ആദ്യ സ്ഫോടനം രാവിലെ 11ന് കുണ്ടന്നൂർ ഹോളിഫെയ്ത്ത് എച്ച്.ടു.ഒയിലാണ്. ശനിയാഴ്ച രാവിലെ 10.30ന്‌ സ്ഫോടനത്തിനുള്ള ആദ്യ സൈറൺ മുഴങ്ങും. 10.55ന് രണ്ടാം സൈറൺ. 10.59ന് മൂന്നാം സൈറൺ മുഴങ്ങും. പിന്നാലെ വെടിമരുന്നിലേക്ക് തീപടർത്താൻ ബ്ലാസ്റ്റർ വിരലമർത്തും. മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്ഫോടനങ്ങൾ. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീന്റെ വീഴ്ച.

Also Read- പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

ആദ്യസ്‌ഫോടനത്തിലെ പൊടിശല്യംമൂലം രണ്ടാമത്തെ സ്ഫോടനം നിശ്ചയിച്ച സമയത്ത് നടക്കാനിടയില്ലെങ്കിലും 10-15 മിനിറ്റിൽക്കൂടുതൽ വൈകില്ലെന്ന് ഫോർട്ടുകൊച്ചി സബ്കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർക്കും. നിയന്ത്രിതസ്ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

ആൽഫയിലെ സ്‌ഫോടകവസ്തു നിറയ്ക്കൽ പൂർത്തിയായത് വെള്ളിയാഴ്ചയാണ്. ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നതും ആൽഫയുടെ വീഴ്ചയാണ്. സമീപത്ത് കൂടുതൽ വീടുകളുള്ളത് ഇവിടെയാണ്. ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്‌ഫോടനദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച് സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.

എച്ച്2ഒ ഹോളി ഫെയ്ത്

 • 19 നിലകൾ, 91 അപ്പാർട്ട്മെന്റുകൾ

 • 212.4 കിലോഗ്രാം സ്ഫോടക വസ്തുക്കൾ 1471 ദ്വാരങ്ങളിൽ നിറച്ചിരിക്കുന്നു

 • 8 നിലകളിൽ സ്ഫോടനം

 • 10 സെക്കൻഡിൽ കെട്ടിടം വീഴും

 • കെട്ടിട അവശിഷ്ടം - 21,450 ടൺ


ആൽഫ സെറിൻ

 • 16 നിലകളിലുള്ള രണ്ട് ടവറുകൾ

 • 80 അപ്പാർട്ട്മെന്റുകൾ

 • 343 കിലോഗ്രാം സ്ഫോടക വസ്തുക്കൾ 3598 ദ്വാരങ്ങളിൽ നിറച്ചിരിക്കുന്നു

 • 8 നിലകളിൽ സ്ഫോടനം

 • 6 സെക്കൻഡിൽ കെട്ടിടം വീഴും

 • കെട്ടിട അവശിഷ്ടം- 21,400 ടൺ


ഒറ്റനോട്ടത്തിൽ

 • ഹോളിഫെയ്ത്ത്, ആൽഫ എന്നിവയുടെ സമീപത്തുള്ളവരെ ശനിയാഴ്ച രാവിലെ എട്ടുമുതൽ ഒഴിപ്പിക്കും

 • തേവര എസ്.എച്ച്.കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളാണ് താത്കാലിക അഭയകേന്ദ്രങ്ങൾ

 • സ്‌ഫോടനത്തിന് അഞ്ചുമിനിറ്റ്‌ മുമ്പ് തേവര-കുണ്ടന്നൂർ റോഡിലും ദേശീയപാതയിലും ഗതാഗതം തടയും

 • ആദ്യസ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പൊടി ശമിപ്പിക്കാൻ അഗ്നിശമനസേന വെള്ളം തളിക്കും. തുടർന്ന് എഞ്ചിനിയർമാരും സ്‌ഫോടനവിദഗ്ധരും സ്ഥലംസന്ദർശിച്ച് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും

 • തുടർന്നാണ് അടുത്തസ്‌ഫോടനത്തിന് അനുമതി നൽകുക

 • രണ്ടിടത്തും സ്ഫോടനം പൂർത്തിയായശേഷം എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടാവും ജനങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കുക.

 • 200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന് പുറത്തുനിന്ന് സ്‌ഫോടനം കാണാൻ കഴിയും

 • ഡ്രോണുകൾ പറത്തിയാൽ വെടിവെച്ചിടും. ഈസമയത്ത് കായലിലും സഞ്ചാരംതടയും.


Published by: Rajesh V
First published: January 11, 2020, 7:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading