• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് അർജന്‍റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്

മലപ്പുറത്ത് അർജന്‍റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്

ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലിൽ അർജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകർ തെരുവിൽ ഇറങ്ങിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മലപ്പുറം: അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം തിരൂർ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്. അത്യാഹിത വിഭാഗത്തിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്.

    ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലിൽ അർജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകർ തെരുവിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് വീര്യമേറിയ പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിയത്. തൊട്ടു അടുത്ത് നിൽക്കുകയായിരുന്ന ഇജാസിനും സിറാജിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരുടെയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

    Also Read- Copa America | ഉരുക്കുകോട്ടയായി എമിലിയാനോ മാർട്ടിനെസ്; അർജന്‍റീനയുടെ വിജയശിൽപിയെക്കുറിച്ച് അറിയാം

    ഒരു ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് സാധിച്ചു. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.

    ലോക ഫുട്‌ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് മാറക്കാന സ്റ്റേഡിയം ഇന്ന് വേദിയായത്. 1993ന് ശേഷം കോപ്പ അമേരിക്ക കിരീടം കിട്ടാക്കനിയായി നില്‍ക്കുന്ന അര്‍ജന്റീന ഇന്ന് എന്ത് വില കൊടുത്തും അത് നേടാന്‍ തന്നെയാണ് ഇറങ്ങിയത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ഇന്നിറങ്ങിയത്. 2019ല്‍ സ്വന്തം നാട്ടില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം തിരിച്ചുപിടിച്ചത്. ആദ്യ ഇലവനില്‍ മാറ്റങ്ങളൊന്നുമില്ലാതെ ബ്രസീല്‍ ടീം ഇറങ്ങിയപ്പോള്‍ അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങിയത്.




    രണ്ടാം പകുതിയില്‍ ബ്രസീല്‍ മത്സരം കുറച്ചു കൂടി വേഗത്തിലാക്കി. ആദ്യ പകുതിയില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ അവര്‍ കളത്തിലിറക്കി. ആറ് മിനിട്ടിനുള്ളില്‍ അവര്‍ റിച്ചാര്‍ലിസണിലൂടെ സമനില ഗോള്‍ നേടിയെങ്കിലും സൈഡ് റെഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. തൊട്ട് പിന്നാലെ പിന്നെയും റിച്ചാര്‍ലിസണ്‍ അര്‍ജന്റീനയുടെ ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തി. താരത്തിന്റെ ഒരു ബുള്ളറ്റ് ഷോട്ട് എമിലിയാനോ മാര്‍ട്ടിനസ് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞിട്ടു. കളിയുടെ അവസാന മിനിറ്റില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ഉജ്വല അവസരങ്ങള്‍ നഷ്ടമായി. ഗോളിയ്ക്ക് തൊട്ടുമുന്നില്‍ നില്‍ക്കേ മെസ്സി അവിശ്വസനീയമായി ഒരു അവസരം നഷ്ടമാക്കി. 87ആം മിനിറ്റില്‍ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോളെന്നുറച്ച ഷോട്ടും എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.

    അര്‍ജന്റീനയുടെ 15ആം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറുഗ്വായുടെ നേട്ടത്തിനൊപ്പമെത്താന്‍ അര്‍ജന്റീനയ്ക്കായി. പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ രാജ്യാന്തര കിരീടങ്ങള്‍ അനവധി തവണ നഷ്ടമായ ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയ്ക്കു ഇത് വലിയ നേട്ടമാണ്.
    Published by:Anuraj GR
    First published: