പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ രണ്ടു പ്രമുഖ സഭകൾക്ക് പ്രാതിനിധ്യമില്ല. കൂടിക്കാഴ്ചയിൽ നിന്ന് മാർത്തോമാസഭ പിന്മാറി എന്നാണ് വിവരം. സിഎസ്ഐ സഭയ്ക്കും മറ്റ് പ്രൊട്ടസ്റ്റന്റ് സഭകൾക്കും കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചിട്ടുമില്ല. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതൃത്വം ക്ഷണിച്ചപ്പോള്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച മാര്‍ത്തോമാ സഭാ നേതൃത്വം രണ്ടാം ഘട്ടത്തിൽ അജ്ഞാതകാരണങ്ങളാല്‍ പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സിഎസ്ഐ സഭയെയും മറ്റു പ്രൊട്ടസ്റ്റന്റ് സഭകളെയും കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം . സിഎസ്ഐ സഭാ നേതൃത്വത്തിലുള്ള ചിലരുടെ പേരില്‍ സാമ്പത്തികമായ കേസുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിഎസ്ഐ സഭയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെന്തക്കോസ്റ്റൽ വിഭാഗങ്ങളുടെ ബാഹുല്യവും അവയിൽ ചിലരുടെ പ്രവർത്തനത്തിൽ സംഘ പരിവാറിന്റെ വിയോജിപ്പുമാണ് ഒഴിവാക്കാൻ കാരണം എന്നാണ് സൂചന.
സംസ്ഥാനത്ത് ഏതാണ്ട് മൂന്നു ഡസൻ പെന്തക്കോസ്ത് വിഭാഗങ്ങൾ ഉണ്ട്. ഇവർക്കെല്ലാം കൂടി മൂന്ന് ശതമാനം വോട്ട് ഉണ്ട് എന്നാണ് ധാരണ. ഇവരിൽ പല സഭകളുടെയും പ്രവർത്തന രീതിയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, സംഘ പരിവാറിന് എതിർപ്പുണ്ട്. ഈ കാരണങ്ങൾ കണക്കിലെടുത്താണ് അവർ ഈ കൂടിക്കാഴ്ചയിൽ ഇടം പിടിക്കാതിരുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ആരെയും മാറ്റി നിർത്തിയതായി അറിയില്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധന്റെ പ്രതികരണം.അതേസമയം, സിറോ മലബാർ, ലത്തീൻ, മറ്റ് മലങ്കര സഭകൾ ഉൾപ്പെടെ 8 സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൊച്ചി താജ് ഹോട്ടലില്‍ രാത്രി 7 മണിക്കാണ് കൂടിക്കാഴ്ച നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Christian churches, Meeting, Pm modi