തൃശൂര്‍: രണ്ടു ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു. തൃശൂർ മറ്റത്തൂര്‍ മുപ്ലിയില്‍ ഹാരിസണ്‍ മലയാളം കണ്ടായി എസ്റ്റേറ്റിലാണ് സംഭവം. ടാപ്പിങ് തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ടാപ്പിങ് തൊഴിലാളികൾ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങിനായി സൈക്കിളിൽ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽ പെട്ടത്. ഒരാൾ സൈക്കിൾ കളഞ്ഞ് ഓടിയെങ്കിലും പിന്നാലെയെത്തി ചവിട്ടി കൊല്ലുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പതിവിൽ നിന്ന് വ്യത്യസ്തമായി കാട്ടാനകൾ മഴക്കാലത്തും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത് ഭീതിയോടെയാണ് നാട്ടുകാർ കാണുന്നത്. അതേസമയം ഈ പ്രദേശങ്ങളിൽ വനംവകുപ്പിന്‍റെ നിരീക്ഷണം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ തസ്തിക കഴിഞ്ഞ കുറെ കാലമായി ഒഴിഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാല്‍ തൊട്ടടുത്ത റേഞ്ച് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തേണ്ട അവസ്ഥയാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു.
കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ
സ്വന്തം ജീവൻ നൽകി ടോമി എന്ന വളർത്തുനായ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഉടമയെയും കുടുംബത്തെയും. മറയൂർ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വീട് ആക്രമിക്കാനെത്തിയ കൊമ്പനെ വളർത്തുനായ പ്രതിരോധിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളിൽ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.
ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളിൽ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണിൽ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്‍റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.
ആന പോയതോടെ, വീട്ടുകാർ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നൽകി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Elephant, Elephant attack, Thirssur news