തിരുവനന്തപുരം: മത്സരിക്കാനില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ആവര്‍ത്തിക്കുന്നതിനിടെ സ്ഥാനാര്‍ഥിത്വത്തിനായി ബിജെപി അധ്യക്ഷന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത് തെരഞ്ഞെടുപ്പിലെ കൗതുക കാഴ്ചയാകുന്നു. വടകരയിലെ സിറ്റിംഗ് എം.പിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ പി.എസ് ശ്രീധരന് പിള്ളയാണ് പത്തനംതിട്ട സീറ്റിനു വേണ്ടി ചരടുവലി നടത്തുന്നത്.
തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്ന വാദമുയര്‍ത്തിയാണ് മുല്ലപ്പള്ളി ഇക്കുറി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. ഇതോടെ വടകരയില്‍ സ്ഥാനാര്‍ഥി ആരെന്ന ചോദ്യം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഉയര്‍ന്നു വന്നത്. ആദ്യഘട്ടമായി 13 സ്ഥാനാര്‍ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും വടകരയില്‍ തട്ടി ബാക്കി നാലിടങ്ങളിലെ പ്രഖ്യാപനം ഇതുവരെ നടത്താനായിട്ടില്ല. സിപിഎമ്മിലെ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന പൊതു അഭിപ്രായത്തില്‍ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യത്തിലേക്കാണ് ചര്‍ച്ചകള്‍ ഇപ്പോൾ എത്തി നില്‍ക്കുന്നത്. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ മുല്ലപ്പള്ളിയാകട്ടെ ഇതുവരെ തയാറായിട്ടുമില്ല.
Also Read
'മുല്ലപ്പള്ളിയുടെ വിദ്യ വേണ്ട, കരുത്തന് തന്നെ വേണം': കോണ്‍ഗ്രസില്‍ അടിപിടി നടക്കുന്ന വടകര
സംസ്ഥാനാത്തു നിന്നും ലോക്സഭയില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ഈ സീറ്റ് ലക്ഷ്യമിട്ടാണ് ശ്രീധരന് പിള്ള മത്സരിക്കാനിറങ്ങുന്നത്. എന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഈ സീറ്റില്‍ അവകാശവാദമുന്നയിച്ചത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സുരേന്ദ്രന് പത്തനംതിട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട് അണികളും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.