കോട്ടയം: റോഡിലേക്ക് ഉരുണ്ടിറങ്ങിയ ഫുട്ബോളിൽ തട്ടി ഇരുചക്രം വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കോട്ടയം തലപ്പലത്താണ് അപകടം. തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടില്‍ നിത്യ, മാതൃസഹോദരിയുടെ മകന്‍ ഉള്ളനാട് സ്വദേശി ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റോഡിന് സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉരുണ്ട് റോഡിലേക്കെത്തിയത്.
വളവ് തിരിഞ്ഞെത്തിയ സ്‌കൂട്ടര്‍ പന്തില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഇതേത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണാണ് നിത്യയ്ക്കും ആദർശിനും പരിക്കേറ്റത്.
നാട്ടുകാർ ഓടിയെത്തി. ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റോഡില്‍ ഉരഞ്ഞ് കൈകളില്‍ സാരമായി പരിക്കേറ്റു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മടങ്ങി. വിവാഹിതയായി കോഴിക്കോട് താമസിക്കുന്ന നിത്യ ബന്ധു വീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അതിനിടെ അപകടത്തിന്‍റെ വീഡിയോ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ‘കോട്ടയം ഈരാറ്റുപേട്ട നടന്ന അപകടമാണ് വീഡിയോയിലുള്ളത്. റോഡരികിലെ മൈതാനങ്ങളിൽ കളിക്കുന്ന കൂട്ടുകാർ ഇത്തരം അപകട സാധ്യത മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്’- കേരള പൊലീസ് കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.