നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar| മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ ഉയർത്തി; ഇടുക്കി ഡാമിലെ ഷട്ടർ രാവിലെ 10ന് തുറക്കും

  Mullaperiyar| മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ ഉയർത്തി; ഇടുക്കി ഡാമിലെ ഷട്ടർ രാവിലെ 10ന് തുറക്കും

  മൂന്ന്, നാല് ഷട്ടറുകളാണ് രാവിലെ എട്ടുമണിയോടെ തുറന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ഇടുക്കി: ജലനിരപ്പ് 141 അടി പിന്നിട്ടതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ തുറന്നു. മൂന്ന്, നാല് ഷട്ടറുകളാണ് രാവിലെ എട്ടുമണിയോടെ തുറന്നത്. ഡാമിലെ ജലനിരപ്പ് രാവിലെ 5.30 യ്ക്കാണ് 141 അടിയിലെത്തിയത്. ഇതിന് പിന്നാലെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിച്ചിരുന്നു. സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

   ഇടുക്കി ഡാമിന്റെ ഷട്ടർ 10 മണിക്ക് തുറക്കും

   ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് - അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്ന് രാവിലെ 10 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. നിലവില്‍ 2399. 40 അടിയാണ് ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി 40 ക്യുമെക്സ് നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

   കല്ലാർ ഡാം തുറന്നു

   ഇടുക്കി കല്ലാർ അണക്കെട്ട് രാത്രിയോടെ തുറന്നിരുന്നു. സെക്കൻഡിൽ 10,000 ലീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെന്റീമീറ്റർ വീതം ഇരു ഷട്ടറുകളും ഉയർത്തി. കല്ലാർ റിസർവോയറിൽ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലർട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. കല്ലാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

   അതിശക്തമായ മഴയ്ക്ക് സാധ്യത

   കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
   Published by:Rajesh V
   First published:
   )}