നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ; ഇന്നു മുതൽ മുഴുവൻ അധ്യാപകരും സ്കൂളിലെത്തെണം

  ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ; ഇന്നു മുതൽ മുഴുവൻ അധ്യാപകരും സ്കൂളിലെത്തെണം

  10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു മാത്രമാണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി എന്ന ക്രമത്തിലാണ് ക്ലാസുകൾ പുനരാരംഭിച്ചത്.

  School

  School

  • Share this:
   തിരുവനന്തപുരം; സ്കൂളുകളിൽ ഇന്നു മുതൽ കോവിഡ് മാനദണ്ഡത്തിൽ കൂടുതൽ ഇളവുകൾ. ഒരു ബെഞ്ചിൽ രണ്ടു വിദ്യാർഥികൾക്ക് ഇരിക്കാമെന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികൾക്ക് ഇരിക്കാനുള്ള അനുമതിയാണ് ഉള്ളത്. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു മാത്രമാണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി എന്ന ക്രമത്തിലാണ് ക്ലാസുകൾ പുനരാരംഭിച്ചത്.

   കോവിഡ് ലോക്ക്ഡൌണിനുശേഷം സ്കൂളുകൾ പ്രവർത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ഇപ്പോൾ രണ്ടു കുട്ടികളെ ഇരുത്താൻ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ തീർത്തും വരാൻ കഴിയാതെ വർക്ക് അറ്റ് ഹോം ഉള്ള അധ്യാപകർ ഒഴികെ മുഴുവൻ പേരും ഇന്നു മുതൽ സ്കൂളിലെത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കോവിഡ് ബാധിതരായവർക്കും ക്വറന്‍റീനിൽ ഉള്ളവർക്കുമാണ് ഇളവ് ഉള്ളത്. സ്കൂളുകളിൽ എത്താത്ത അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ശനിയാഴ്ച പ്രവർത്തി ദിവസമാക്കാൻ സർക്കാർ തീരുമാനിച്ചതോടെ സ്കൂളുകൾക്കും ഇത് ബാധകമാകുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

   ഉത്തരവിലെ മറ്റു പ്രധാന നിർദേശങ്ങൾ

   പത്ത്, പ്ലസ് ടു ക്ലാസുകളിലായി നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ഒരേസമയം എത്തി പഠനം തുടരാൻ ആവശ്യമായ വിധം ക്രമീകരണം ഒരുക്കണം.

   പത്ത്, പ്ലസ് ടു ക്ലാസുകളിലായി നൂറിലധികം കുട്ടികളുള്ള സ്കൂൾ ആണെങ്കിൽ പകുതിയോളം പേരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കണം.

   Also Read- COVID 19 | സംസ്ഥാനത്തെ സ്കൂളുകൾ 2021 ജനുവരി മുതൽ തുറന്നു പ്രവർത്തിക്കും: മുഖ്യമന്ത്രി

   രാവിലെ എത്തുന്ന കുട്ടികൾ ഇടയ്ക്കു മടങ്ങാതെ, വൈകിട്ടു വരെ സ്കൂളിൽ തുടരുന്നതാണ് നല്ലത്. യാത്രാ സൌകര്യം ലഭ്യമല്ലാത്തത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലതാണ്. ഒന്നിട വിട്ട ദിവസം സ്കൂളിലെത്തുന്ന രീതി തുടരാവുന്നതാണ്.

   കോവിഡ് മാനദണ്ഡം പ്രകാരമുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. സാമൂഹിക അകലം ഉറപ്പാക്കണം. ഒരു തരത്തിലുള്ള കൂട്ടംകൂടലും പാടില്ല. വീടുകളിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണം അവരവർക്ക് നിർദേശിച്ചിട്ടുള്ള ബെഞ്ചിൽ ഇരുന്ന് മാത്രം കഴിക്കുക. കൈ കഴുകുന്ന സ്ഥലത്ത് ഹാൻഡ് വാഷ് ഉൾപ്പടെയള്ള സംവിധാനം ഉറപ്പു വരുത്തണം. കൂടാതെ ക്ലാസുകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് താപനില പരിശോധിക്കുകയും, കുട്ടികൾക്കു ഉപയോഗിക്കുംവിധം ഹാൻഡ് സാനിറ്റൈസറുകൾ ഉറപ്പുവരുത്തുകയും വേണം.

   സംസ്ഥാനത്ത് ഒൻപത് മാസങ്ങൾക്ക് ശേഷം ജനുവരി ഒന്നിനാണ് വീണ്ടും സ്കൂളുകൾ തുറന്നത്. പത്ത്-പ്ലസ് ടു വിദ്യാർഥികൾക്കാണ് ഇന്ന് ക്ലാസുകൾ ആരംഭിച്ചത്. പൊതുപരീക്ഷയുടെ സാഹചര്യത്തിലാണ് ഈ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂൾ തുറന്നത്. 3118 ഹൈസ്കൂളുകളിലും 2077 ഹയർ സെക്കൻഡറി സ്കൂളുകളിലുമായി ഏകദേശം ഏഴുലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്. ക്ലാസുകൾ തുടങ്ങിയെങ്കിലും ഹാജർ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി പൂർത്തിയാക്കിയ പാഠഭാങ്ങളിലെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാകും ക്ലാസുകളിൽ പ്രാധാന്യം നൽകുക. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാണ് ക്ലാസുകൾ നടക്കുന്നത്.
   Published by:Anuraj GR
   First published: