• HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂർ വിമാനാപകടത്തിന് രണ്ടാണ്ട് ; അപകടം കാരണമാക്കി വലിയ വിമാനങ്ങളുടെ വിലക്ക് തുടരുന്നു

കരിപ്പൂർ വിമാനാപകടത്തിന് രണ്ടാണ്ട് ; അപകടം കാരണമാക്കി വലിയ വിമാനങ്ങളുടെ വിലക്ക് തുടരുന്നു

മഴയും കനത്ത മൂടൽ മഞ്ഞും ഉള്ള സാഹചര്യത്തിൽ റൺവേയുടെ പകുതി താണ്ടി ലാൻഡ് ചെയ്യാൻ പൈലറ്റ് എടുത്ത തീരുമാനം ആണ് അപകടത്തിന് കാരണമായത് എന്ന് ആയിരുന്നു വ്യോമയാന മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്

  • Last Updated :
  • Share this:
മലപ്പുറം: 21 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. പൈലറ്റിൻ്റെ പിഴവ് ആണ് അപകടത്തിന് കാരണമായത് എന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടും അപകടത്തിന് ശേഷം വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയിട്ടില്ല. അപകടത്തിൽ പെട്ട ഭൂരിഭാഗം പേർക്കും നഷ്ട പരിഹാരം ലഭിച്ചു എന്നതും ആശ്വാസം നൽകുന്ന കാര്യമാണ്.

2020 ഓഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെ ആണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനംകനത്ത മഴയിൽ റൺ വേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയരുകയും പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത  റൺവേയിലും ആയിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറി ചതുപ്പ് നിലവും കടന്നു 35 മീറ്ററോളം താഴേക്ക് വീണു 3 കഷ്ണമായി പിളരുക ആയിരുന്നു.

വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർത്ത് വിമാനത്തിൻ്റെ മുൻഭാഗം പുറത്തേക്ക് എത്തി. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരെ കൂടാതെ 19 പേരാണ് അപകടത്തില് മരിച്ചത്. കരിപ്പൂർ വിമാനാപകടം ഒരു വലിയ ദുരന്തം ആകാതിരുന്നത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ കാരണം ആയിരുന്നു. കോവിഡ് ഭീതി ഇല്ലാതെ പരിക്കേറ്റവരെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കാൻ ഈ നാട്ടുകാർ മുന്നിട്ടിറങ്ങിയിരുന്നില്ല എങ്കിൽ സാഹചര്യങ്ങൾ അതീവ ഗുരുതരം ആയേനെ.

മഴയും കനത്ത മൂടൽ മഞ്ഞും ഉള്ള സാഹചര്യത്തിൽ റൺവേയുടെ പകുതി താണ്ടി ലാൻഡ് ചെയ്യാൻ പൈലറ്റ് എടുത്ത തീരുമാനം ആണ് അപകടത്തിന് കാരണമായത് എന്ന് ആയിരുന്നു വ്യോമയാന മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. കരിപ്പൂർ വിമാനത്താവളത്തിന് എതിരെ റിപ്പോർട്ടിൽ പരാമർശം ഇല്ലാതിരുന്നിട്ടു പോലും വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടില്ല എന്നത് പ്രതിഷേധാർഹം ആണെന്നും സ്ഥലം കൂടിയായ എംഎൽഎ  ടി വി ഇബ്രാഹിം പറഞ്ഞു. " കരിപ്പൂരിനെ തകർക്കാൻ കാരണം എന്തോ കാത്ത് നിൽക്കുന്നത് പോലെ ആണ്. വലിയ വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാൻ ഉള്ള സാഹചര്യങ്ങൾ ഇവിടെ ഉണ്ട്. വിമാനത്താവളത്തിലെ പ്രശ്നങ്ങൾ അല്ല ഈ അപകടത്തിന് കാരണമായത് എന്ന് റിപ്പോർട്ടിൽ എവിടെയും പരാമർശം അല്ല. അത് കൊണ്ട് തന്നെ വലിയ വിമാനങ്ങൾക്ക് ഉള്ള വിലക്ക് കൂടി നീക്കേണ്ടത് ഉണ്ട് ".

പരിക്കേറ്റ 165 പേർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ഇതിനോടകം ന്യായമായ നഷ്ടപരിഹാരം ലഭിച്ചു എന്നതും അല്പം ആശ്വാസം നൽകുന്ന കാര്യമാണ്. കരിപ്പൂരിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എല്ലാം സൗകര്യങ്ങളും ഉള്ള ഒരു കെട്ടിടം നിർമിച്ച് നൽകും എന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ തീരുമാനം ഈ നാടിന് ഉള്ള ആദരം കൂടിയാണ്.
Published by:Anuraj GR
First published: