തൃശൂര്‍: കാര്‍ അപകടത്തില്‍ സിനിമ- സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ- സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരികയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു.
എയര്‍ ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവര്‍ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലെത്തി. മലക്കപ്പാറയിലേക്ക് പോയ ടൂറിസ്റ്റുകളുടെ വാഹനത്തിൽ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
വനപാലകർ ഇവർക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നൽകി. തിരികെ പോകാൻ ജീപ്പും സംഘടിപ്പിച്ചുനൽകി.
ആനമല റോഡിൽ അമ്പലപ്പാറ മുതൽ മലക്കപ്പാറ വരെ നിർമാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാൽ അപകടം പതിവാണ്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു
തൃശൂർ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ കാളികാവ് മമ്പാട്ടുമൂല വെള്ളയൂർ വീട്ടിൽ വിജേഷ് മോന്റെയും ദേവികയുടെയും മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ചെറുതുരുത്തിലെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കുട്ടിയെ ഉടൻ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി പൊലീസ് തുടർനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് അയച്ചു.
അങ്കമാലിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു
കൊച്ചി: കൂട്ടുകാര്‍ക്കൊപ്പം റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബിഎസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അനു സാജന്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident in Kerala, Athirappilly, Road accident, Thrissur