തിരുവനന്തപുരം: ലോകപ്രശസ്ത വാഹന നിർമാതാക്കൾക്കു പോലും ആശങ്കയുണ്ടാക്കുന്ന തരത്തിൽ സംസ്ഥാനത്തെ ചില മന്ത്രിമാരുടെ വാഹനങ്ങളുടെ ടയർ തേയുന്നതായി വിവരാവകാശ രേഖകൾ. മന്ത്രിമാരുപയോഗിക്കുന്ന ടൊയോട്ടയുടെ പ്രീമിയം ബ്രാൻഡ് ഇന്നോവ ക്രിസ്റ്റ കാറുകളുടെ ടയറുകൾ മാസത്തിൽ മാറേണ്ടിവരുന്നത് പല തവണ. വിവരാകാശ രേഖകൾ പ്രകാരം രണ്ട് വർഷത്തിനിടെ മന്ത്രി എം.എം മണിയുടെ ഏഴാം നമ്പർ സ്റ്റേറ്റ് കാറിന്‍റെ 34 ടയറാണ് മാറിയത്. 10 തവണയായി ഇത്രയും ടയറുകൾ മാറിഎന്നാണ് വിവരാവകാശ പ്രവർത്തകൻ ധനരാജിന് ലഭിച്ച രേഖകൾ.
അതായത് ഏതാണ്ട് 70 ദിവസത്തിലൊരിക്കൽ 2017 മോഡൽ കെ.എൽ-01 സി.ബി 8340 എന്ന കാറിന്റെ നാലു ടയറും മാറ്റുന്നു. ഒരു ടയറിന്റെ വില ആറായിരം രൂപയ്ക്കും എണ്ണായിരം രൂപയ്ക്കും ഇടയിലാകും. സാധാരണ ഇന്നോവ ക്രിസ്റ്റ ഉപഭോക്താക്കൾക്ക് മുപ്പതിനായിരം കിലോമീറ്റർ മുതൽ നാൽപതിനായിരം കിലോമീറ്റർ വരെയാണ് ശരാശരി ലഭിക്കുന്നത്. 70 ദിവസത്തിൽ 35,000 കിലോമീറ്റർ എങ്കിലും ഓടണമെങ്കിൽ ദിവസേന ശരാശരി 500 കിലോമീറ്റർ ഓടണം. മന്ത്രിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിൽ നിന്നും ദിവസേന തിരുവനന്തപുരം വരെ വന്നു പോയാൽ ഏതാണ്ട് ഇത്രയും ദൂരമാകും. എന്നാൽ ഇതിനായി 12 മണിക്കൂർ സമയമെടുക്കും.
അഞ്ച് തവണയായി 19 ടയറുകൾ മാറിയ വനം മന്ത്രി കെ. രാജുവാണ് ഇക്കാര്യത്തിൽ രണ്ടാമത്. ഒരു തവണയായി നാലു ടയറുകൾ വീതം മാറിയ റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ എന്നിവരാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ നാല് തവണകളായി 13 വീതം ടയറുകൾ മാറിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വാഹനത്തിന് മൂന്ന് തവണയായി ഏഴ് ടയറുകളാണ് മാറിയിട്ടുള്ളത്.
ടൂറിസം വകുപ്പിലെ ഗാരേജ് ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒപ്പിട്ട രേഖകളാണ് വിവരാവകാശപ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Car repairing, M M Mani Car, Minister M M Mani, Toyota innova crysta