കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വെച്ചതിന് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്ത്. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്ന് ഡിജിപി ന്യസ് 18നോട് പറഞ്ഞു. സംഭവത്തിൽ ഐ ജിയോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിന് എതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയും പന്നിയങ്കര ലോക്കൽ കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. പൊലീസിന്റെ നടപടി ജനാധിപത്യാവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്ന് സൗത്ത് ഏരിയാ കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. യുവാക്കളുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പന്നിയങ്കര ലോക്കൽ കമ്മിറ്റി പ്രമേയം പാസാക്കിയത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രണ്ട് വിദ്യാർഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് വൻ രാഷ്‌ട്രീയ വിവാദമായിരിക്കുകയാണ്. കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർഥിയും സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അലൻ ഷുഹൈബ് (20),കോഴിക്കോട്ട് ജേണലിസം വിദ്യാർഥിയും സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ താഹ ഫസൽ (24) എന്നിവരാണ് വെള്ളിയാഴ്ച രാത്രി പന്തീരാങ്കാവിൽ അറസ്റ്റിലായത്. സിനിമാ നടി സജിത മഠത്തിലിന്റെ സഹോദരി സബിത മഠത്തിലിന്റെ മകനാണ് അലൻ ഷുഹൈബ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.