തിരുവനന്തപുരം: വിജാഹ്ലാദത്തിനിടെ കൂവി വിളിച്ചവർക്ക് കൈ കൊടുത്ത് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാർ. വോട്ടെണ്ണലിനിടെ ഇടതു സ്ഥാനാർഥി വി.കെ പ്രശാന്ത് വിജയിക്കുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് മോഹൻകുമാർ പട്ടം സെന്റ് മേരീസ് സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ ആഹ്ലാദാരവത്തിൽ നിന്ന ഇടതു പ്രവർത്തകരിൽ ചിലർ മോഹൻകുമാറിനെ കൂവിവിളക്കുകയായിരുന്നു.
പ്രവർത്തകരെ പിന്തിരിപ്പാക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ മോഹൻ കുമാർ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. ചുറ്റും നിന്ന പ്രവർത്തകർക്ക് കൈ കൊടുത്തശേഷം മോഹൻ കുമാർ പറഞ്ഞ വാക്കുകൾ കേട്ടതോടെ എല്ലാവരും നിശബ്ദരായി.
'ഞാന്‍ മോഹന്‍കുമാര്‍. ഇവിടുത്തെ തോറ്റസ്ഥാനാര്‍ഥിയാണ്. വണ്ടിയില്‍ തട്ടാനും ഒച്ചവയ്ക്കാനും ഞാനൊരു സാമൂഹ്യവിരുദ്ധനല്ല. ജയവും തോല്‍വിയും തെരഞ്ഞെടുപ്പില്‍ സ്വാഭാവികമല്ലേ. ഇത്തവണ തോറ്റുപോയെന്നു കരുതി നിര്‍ത്തികൂവുന്നതൊക്കെ പഴയ ശൈലിയല്ലേ? ആര് തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ ഇത് ചെയ്യരുത്'- മോഹന്‍ കുമാര്‍ പറഞ്ഞു.
വോട്ടെണ്ണലിനു ശേഷം മടങ്ങിയപ്പോൾ മോഹൻകുമാറിന് ആദ്യം കൂവവിളിച്ചവർ വഴിയൊരുക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.