തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election ) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസ് (K.V Thomas) ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് (Uma Thomas) .
'അര നൂറ്റാണ്ടിനടുത്ത് എറണാകുളം ജില്ലയിലെ പ്രമുഖനായൊരു നേതാവായിരുന്നു തോമസ് മാഷ്. അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാവുന്നില്ല. അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഓരോ വ്യക്തിക്കും അവരുടേതായ രീതിയില്‍ ചിന്തിക്കാനുള്ള അവകാശമുണ്ട്. അത്രമാത്രമേ ചിന്തിക്കുന്നുള്ളൂ', ഉമ തോമസ് പറഞ്ഞു.
ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ മണ്ഡലത്തിലെ സഭാ വോട്ടുകള്‍ സമാഹരിക്കപ്പെടുമെന്ന ആശങ്കയില്ലെന്നും ഉമ തോമസ് പറഞ്ഞു.
Also Read- 'തൃക്കാക്കരയിലേക്ക് പരിഗണിച്ചത് ഒറ്റപ്പേര്, ഇതാണ് സിപിഎം രീതി': മന്ത്രി പി. രാജീവ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്റെ ആത്മവിശ്വാസത്തില്‍ ഒരുതരത്തിലുമുള്ള കുറവുമുണ്ടാക്കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 'ഒരു തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ആവശ്യമാണ്. അതാരാണെങ്കിലും അവര്‍ യോഗ്യരായിരിക്കുമല്ലോ. ആരായിരിക്കണം തങ്ങളെ പ്രതിനിധീകരിക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടത് തൃക്കാക്കരയിലെ ജനങ്ങളാണ്. തള്ളേണ്ടതും കൊള്ളേണ്ടതും ഏതെന്ന് അറിയാവുന്ന വോട്ടര്‍മാരാണ് തൃക്കാക്കരയിലേത്. പി.ടിയെ സ്നേഹിച്ച പ്രബുദ്ധരായ വോട്ടര്‍മാര്‍ എന്നെ തിരസ്കരിക്കില്ലെന്ന് ഉത്തമ വിശ്വാസമുണ്ട്', അവർ പറഞ്ഞു.
'വ്യക്തി ബന്ധം നോക്കാതെ സിൽവർലെെൻ ഉൾപ്പെടെയുള്ള വികസനത്തിന് വോട്ട് ചെയ്യണ൦'; കെ വി തോമസ്
സിൽവർലൈൻ (SilverLine) ഉൾപ്പെടെയുള്ള വികസനത്തിന് വോട്ട് ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് (K V Thomas) ന്യൂസ് 18നോട്. വ്യക്തി ബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടതെന്നായിരുന്നു ഉമ തോമസിനോടുള്ള (Uma Thomas) നിലപാട് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു.ഇത് സംബന്ധിച്ച പ്രഖ്യാപനം മെയ് പത്തിന് നടത്തുമെന്നുമാണ് കെ.വി.തോമസിന്റെ നിലപാട്.
Also Read-'തരംഗത്തിന്റെ ഭാഗമാകാതിരുന്നതിൽ തൃക്കാക്കരക്കാർക്ക് പശ്ചാത്താപമുണ്ട്; ഇത്തവണ തിരുത്തും': LDF സ്ഥാനാർഥി ഡോ. ജോ ജോസഫ്
തൃക്കാക്കരയിലെ (Thrikkakara) നിലപാട് തുറന്നു പറഞ്ഞ് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് കെ വി തോമസ്. ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിലും സിൽവർലെെൻ വികസനത്തിന് വോട്ട് ചെയ്യണം എന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ഒരു പദ്ധതിയെ അന്ധമായി എതിർക്കുന്നത് ശരിയല്ല. വിദേശത്ത് കഷ്ടപ്പെടുന്ന മലയാളികളുടെ പണമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവുക തന്നെ വേണം.
Also Read- ഡോ. ജോ ജോസഫ്: യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ പൂഞ്ഞാറിൽ നിന്നൊരു ഹൃദ്രോഗ വിദഗ്ധൻ
യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് കുടുംബ സുഹൃത്താണ്. പി ടി തോമസും താനും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരായിരുന്നു. എങ്കിലും നല്ല അടുപ്പമുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം ഉമ ഭാര്യ ഷേർളിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തനിക്ക് സംസാരിക്കാൻ സാധിച്ചില്ല. വ്യക്തി ബന്ധം നോക്കിയല്ല വോട്ട് ചെയ്യേണ്ടത്. തൃക്കാക്കരയിൽ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും. തൃക്കാക്കരയിലെ ജനങ്ങളെ തനിക്ക് അറിയാമെന്നും കെ വി തോമസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.