• HOME
  • »
  • NEWS
  • »
  • kerala
  • »
  • പരവൂർ പോർക്കളമാകും; UDF ചെയർപേഴ്സണും LDF വൈസ് ചെയർമാനും ഒരുവഴിക്ക് പോകില്ല

പരവൂർ പോർക്കളമാകും; UDF ചെയർപേഴ്സണും LDF വൈസ് ചെയർമാനും ഒരുവഴിക്ക് പോകില്ല

അധ്യക്ഷൻ യുഡിഎഫ് നയം പറയുമ്പോൾ ഉപാധ്യക്ഷൻ അത് ചെവിക്കൊള്ളണമെന്നില്ല. ഉപാധ്യക്ഷന്‍റെ തീരുമാനങ്ങൾ അധ്യക്ഷൻ പാസാക്കിയില്ലെങ്കിൽ അതിന് പ്രാബല്യവുമില്ല.

News18 Malayalam

News18 Malayalam

  • Share this:
    കൊല്ലം: നറുക്കെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തിയപ്പോൾ എൽ ഡി എഫിന് നഷ്ടമായത് കൈയിലിരുന്ന കൊല്ലത്തെ പരവൂർ നഗരസഭ. നേരത്തെ ജില്ലയിൽ നാലു നഗരസഭയും ഭരിച്ചിരുന്ന എൽ ഡി എഫിന് അപ്രതീക്ഷിതമാണ് പരവൂരിലെ തിരിച്ചടി. മുപ്പത്തിരണ്ടംഗ നഗരസഭയിൽ 14 വീതം സീറ്റുകൾ നേടിയാണ് എൽഡിഎഫും യു ഡി എഫും തുല്യ ശക്തിയായത്. നിർഭാഗ്യം ഒപ്പം ചേർന്നപ്പോൾ നറുക്കെടുപ്പിൽ നഗരസഭ ഇടതു പക്ഷത്തിന് നഷ്ടമായി. സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയും വോട്ടുചോർച്ചയുമെല്ലാം പരവൂരിൽ ഇടതു മുന്നണി ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ, ചെയർപേഴ്സണെ കിട്ടിയെങ്കിലും യു ഡി എഫിന് അധികം ആഹ്ളാദിക്കാൻ കഴിയില്ല. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ഭാഗ്യം ഇടതുമുന്നണിക്കൊപ്പം ചേർന്നു നിന്നു.

    പരവൂർ മുനിസിപ്പാലിറ്റിയിൽ യു ഡി എഫ് അംഗം പി ശ്രീജയാണ് ചെയർപേഴ്സൻ. കോൺഗ്രസ് സ്ഥാനാർത്ഥിയായി കോട്ടമൂല വാർഡിൽ നിന്നാണ് ശ്രീജ വിജയിച്ചെത്തിയത്. നേരിയ കടവ് വാർഡിൽ നിന്നു വിജയിച്ച സഫറുള്ള നറുക്കെടുപ്പിലൂടെ ഉപാധ്യക്ഷനുമായി. സി പി എം അംഗമാണ് സഫറുള്ള. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധികാരം നിക്ഷിപ്തമായിട്ടുള്ളത് ഉപാധ്യക്ഷനിലാണ്. ബജറ്റവതരണവും ധനവിനിയോഗവുമൊക്കെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പരിഗണയിലാണ് വരിക. അധ്യക്ഷൻ യുഡിഎഫ് നയം പറയുമ്പോൾ ഉപാധ്യക്ഷൻ അത് ചെവിക്കൊള്ളണമെന്നില്ല. ഉപാധ്യക്ഷന്‍റെ തീരുമാനങ്ങൾ അധ്യക്ഷൻ പാസാക്കിയില്ലെങ്കിൽ അതിന് പ്രാബല്യവുമില്ല.

    നഗരസഭയിൽ 4 അംഗങ്ങൾ ബി ജെ പിക്കുണ്ട്. അധ്യക്ഷനും ഉപാധ്യക്ഷനും പൊതുധാരണയിലെത്തിയാൽ, എൽ ഡി എഫ് -യു ഡി എഫ് ഒത്തുകളിയെന്ന ആരോപണം ബി ജെ പി ഉന്നയിക്കുകയും ചെയ്യും. കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയുമെന്നുറപ്പ്. സ്വതന്ത്രൻമാരോ വിമതൻമാരോ വിജയിച്ചു വന്നിട്ടുമില്ല. ചാക്കിട്ടു പിടിത്തത്തിനും അവസരമില്ലെന്ന് ചുരുക്കം. തർക്ക വിഷയങ്ങളിൽ വോട്ടെടുപ്പ് വന്നാലും സ്ഥിതി സങ്കീർണമാകും. വോട്ട് മാറിപ്പോയാലോ അംഗങ്ങൾ ഹാജരാകാതിരുന്നാലോ രേഖപ്പെടുത്തുന്ന വോട്ട് അസാധുവായാലോ കാര്യങ്ങൾ അവിശ്വാസത്തിലേക്ക് നീങ്ങും.

    അതേസമയം കൊല്ലം കോർപ്പറേഷനിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് ഭരണം ആരംഭിക്കുന്നത്. കൊല്ലം നഗരത്തെ മെട്രോ നഗരമാക്കുകയെന്ന ദീർഘവീക്ഷണത്തോടെ പൗരക്ഷേമത്തിലധിഷ്ഠിതമായ ഭരണമാണ് ലക്ഷ്യമെന്ന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
    കൊല്ലം പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. പ്രഖ്യാപിച്ച കാര്യങ്ങൾ എത്രമാത്രം നടപ്പാക്കിയെന്ന് ഓരോ വർഷവും വിലയിരുത്തുമെന്നും, അടിയന്തരമായി പരിഹാരം കാണേണ്ടതായ കാര്യങ്ങൾ ഉൾപ്പെടുത്തി നൂറ്ദിന കർമ്മപദ്ധതി രൂപീകരിച്ച് നടപ്പാക്കുമെന്നും മേയർ പറഞ്ഞു.

    കൊവിഡ് വാക്സിൻ വിതരണത്തിനും, സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാനും കാര്യക്ഷമായ ഇടപെടൽ ഉണ്ടാകുമെന്ന് മേയർ വ്യക്തമാക്കി. പേപ്പർരഹിത ഇ- ഗവേർണൻസ് , മാനവികതയുടെ നഗരം, സ്ത്രീ സൗഹൃദനഗരം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയുള്ള സുതാര്യഭരണം കാഴ്ചവയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി. സി പി ഐ യിലെ കൊല്ലം മധുവാണ് ഡെപ്യൂട്ടി മേയർ

    മറ്റിടങ്ങളിൽ ഇങ്ങനെ

    നഗരസഭകൾ

    പുനലൂരിൽ ഭരണത്തിൽ എൽ ഡി എഫ്. പ്രതിപക്ഷം യു ഡി എഫ്.
    ചെയർപേഴ്സൺ - നിമ്മി എബ്രഹാം
    വൈസ് ചെയർമാൻ - വി പി ഉണ്ണിക്കൃഷ്ണൻ

    കൊട്ടാരക്കരയിൽ ഭരണത്തിൽ എൽ ഡി എഫ്
    പ്രതിപക്ഷം - യു ഡി എഫ്
    ചെയർമാൻ -എ ഷാജു
    വൈസ് ചെയർപേഴ്സൻ - അനിതാ ഗോപകുമാർ

    കരുനാഗപ്പള്ളിയിൽ ഭരണത്തിൽ എൽ ഡി എഫ്.
    പ്രതിപക്ഷത്ത് യു ഡി എഫ്.
    ചെയർമാൻ - കോട്ടയിൽ രാജു
    വൈസ് ചെയർപേഴ്സൻ- സുനിമോൾ

    ജില്ലാ പഞ്ചായത്ത് ഭരണത്തിൽ എൽ ഡി എഫ്. പ്രതിപക്ഷത്ത് യു ഡി എഫ്
    പ്രസിഡൻറ് - എൻ എസ് പ്രസന്നകുമാർ
    Published by:Anuraj GR
    First published: