• HOME
 • »
 • NEWS
 • »
 • kerala
 • »
 • ന്യൂനപക്ഷ സ്കോളർഷിപ്പ്: നിയമസഭയിൽ എത്തും മുമ്പ് അഭിപ്രായ ഐക്യം ഉണ്ടാക്കാൻ യുഡിഎഫ് ചർച്ച 22 ന്

ന്യൂനപക്ഷ സ്കോളർഷിപ്പ്: നിയമസഭയിൽ എത്തും മുമ്പ് അഭിപ്രായ ഐക്യം ഉണ്ടാക്കാൻ യുഡിഎഫ് ചർച്ച 22 ന്

പൊതു സ്വീകാര്യമായ നിലപാടെടുത്തു സർക്കാരിന് മുന്നിൽ പുതിയ നിർദ്ദേശം വയ്ക്കാനാണ് നീക്കം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ യുഡിഎഫിൽ തിരക്കിട്ട് കൂടിയാലോചനകൾ നടക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ നിയമസഭ ചേരുകയാണ്, ഇതിന് മുമ്പായി അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് ശ്രമം. മുന്നണി നേതാക്കൾക്കിടയിൽ ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്. 22ന് തിരുവനന്തപുരത്ത് കക്ഷി നേതാക്കൾ ഒന്നിച്ചിരുന്ന് വിഷയം ചർച്ച ചെയ്യും. പൊതു സ്വീകാര്യമായ നിലപാടെടുത്തു സർക്കാരിന് മുന്നിൽ പുതിയ നിർദ്ദേശം വയ്ക്കാനാണ് നീക്കം.

  ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. മുസ്ലിം ലീഗും  കടുത്ത നിലപാട് സ്വീകരിച്ചു. പക്ഷേ മുസ്ലിം ലീഗിൻറെ നിലപാടിനൊപ്പം കോൺഗ്രസ് എത്തിയിട്ടില്ല. സർക്കാർ തീരുമാനത്തെ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തത് തുടക്കം മുതൽ തന്നെ ആശയക്കുഴപ്പത്തിന് കാരണമായി. പിന്നീട് ഇവർ നിലപാട് തിരുത്തിയെങ്കിലും യുഡിഎഫിന് ഒറ്റക്കെട്ടായി വിഷയത്തിൽ അഭിപ്രായം പറയാൻ കഴിഞ്ഞിട്ടില്ല.

  സർക്കാരിൻറെ പുതിയ തീരുമാനം കൊണ്ട് ഒരു മതവിഭാഗത്തിനും നഷ്ടമുണ്ടായിട്ടില്ല എന്നതായിരുന്നു കോൺഗ്രസിന്റെ ആദ്യ നിലപാട്. എന്നാൽ മുസ്ലിം വിഭാഗത്തിന് ലഭിച്ചിരുന്ന പ്രത്യേക പരിഗണന ഇല്ലാതായി എന്ന നിലപാട് പിന്നീട് എടുത്തു. മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാരിനെതിരെ തിരിഞ്ഞതോടെ, സർക്കാരും പ്രതിസന്ധിയിലാണ്. പക്ഷേ ഇതിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.

  ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് എടുക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ ആശയവിനിമയം നടക്കുന്നുണ്ട്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അടക്കമുള്ള പ്രധാന നേതാക്കളുടെ സംഘം ഡൽഹിയിലാണ്. രാഷ്ട്രീയകാര്യ സമിതി ചേർന്ന് വിഷയം ചർച്ച ചെയ്യാൻ ആലോചിച്ചിരുന്നങ്കിലും അത് നടന്നില്ല. മുസ്ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങി മാത്രം നിലപാടെടുക്കുന്നത് രാഷ്ട്രീയ നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യം പല കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്നുണ്ട് . ക്രൈസ്തവ വിഭാഗത്തിലെ എതിർപ്പ് ഉണ്ടാവാതിരിക്കാൻ കേരള കോൺഗ്രസുമായി ധാരണയിലെത്തിയ ശേഷമായിരിക്കും യുഡിഎഫ് വിഷയം ചർച്ച ചെയ്യുക.

  മുസ്ലിം വിഭാഗത്തിന് നഷ്ടമായ പ്രത്യേകപരിഗണന  പുനഃസ്ഥാപിക്കണമെന്നതായിരിക്കും യുഡിഎഫ് ആവശ്യം. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നം പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജെ ബി കോശി അധ്യക്ഷനായ സമിതി നൽകുന്ന റിപ്പോർട്ട് അടിസ്ഥാനത്തിൽ ക്രൈസ്തവ വിഭാഗത്തിന് ചില പ്രത്യേക പരിഗണനകൾ നൽകേണ്ടിവരും. അങ്ങനെയെങ്കിൽ മുസ്ലിം ന്യൂനപക്ഷത്തിന് പ്രത്യേക പരിഗണന എന്ന ആവശ്യത്തിൽ തെറ്റില്ല എന്നത് യുഡിഎഫ് കണക്കുകൂട്ടുന്നു.  അതേസമയം, തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി തുറന്നടിച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ദേശീയ കെ.എം.സി.സിയുടെ നിര്‍ദേശ പ്രകാരം ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല ലീഗ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
  Published by:Naveen
  First published: