• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'വിഴിഞ്ഞത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ ഉണ്ടെന്ന സംശയം 2014ൽ യുഡിഎഫ് പറഞ്ഞിരുന്നു': മുഖ്യമന്ത്രി

'വിഴിഞ്ഞത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ ഉണ്ടെന്ന സംശയം 2014ൽ യുഡിഎഫ് പറഞ്ഞിരുന്നു': മുഖ്യമന്ത്രി

'വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ നിലപാടെടുത്തതാണ്. പദ്ധതിയുടെ ഭാഗമായി തീര ശോഷണം ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്'

 • Share this:

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ ഉണ്ടെന്ന സംശയം 2014 യുഡിഎഫ് പറഞ്ഞിരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ നിലപാടെടുത്തതാണ്. പദ്ധതിയുടെ ഭാഗമായി തീര ശോഷണം ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വിഴിഞ്ഞം പദ്ധതിക്കെതിരെ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം 2014ൽ അന്നത്തെ സർക്കാരിന് തന്നെയുണ്ടായിരുന്നു. ഇക്കാര്യം മന്ത്രി കെ ബാബു സഭയിൽ പറഞ്ഞിരുന്നു. കേന്ദ്രം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. അവരുടെ ഭാഗത്തുനിന്ന് പങ്കെടുക്കേണ്ട ഉന്നതനായ വ്യക്തിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിന് വേണ്ടിയാണ് മന്ത്രി സഭ ഉപസമിതി ചർച്ച നടത്തിയത്. സർക്കാർ ഒരു അലംഭാവവും കാണിച്ചിട്ടില്ല കൃത്യമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

  കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബൃഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 80 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതുതന്നെ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വിഘാതമായി വരുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

  നോട്ടീസില്‍ പറയുന്നത് പദ്ധതിയുടെ ഭാഗമായുണ്ടായ തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങള്‍ ഇപ്പോഴും സിമന്റ് ഗോഡൗണിലാണ് എന്നതാണ്. പദ്ധതിയുടെ ഭാഗമായി തീരശോഷണമുണ്ടായിട്ടുണ്ടോ, ഉണ്ടാകുമോ എന്ന കാര്യം പദ്ധതി ആരംഭിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാനുമതി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയത്. ഇതിനു പുറമെയാണ് പാരിസ്ഥിതികാനുമതിക്കെതിരായ പരാതികള്‍ പരിഗണിച്ചപ്പോള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി) തുടര്‍പഠനങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം തുടര്‍പഠനങ്ങള്‍ ആറു മാസത്തിലൊരിക്കല്‍ നടന്നുവരികയാണ്. ഈ പഠനങ്ങളിലൊന്നും തന്നെ പദ്ധതി കാരണം തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല.

  പദ്ധതി ആരംഭിക്കുമ്പോള്‍ നടത്തിയ കാര്യങ്ങളെക്കുറിച്ച് 14.07.2015 ന് ചട്ടം 300 പ്രകാരം നിയമസഭയില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയുടെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്. ‘പദ്ധതിയുടെ ബാഹ്യാടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ സര്‍ക്കാര്‍ ആക്കം കൂട്ടി. 2011 ജൂണ്‍/ജൂലൈ മാസങ്ങളില്‍ പരിസ്ഥിതി പഠനത്തിനുള്ള ToR അംഗീകരിച്ചു. ഏതാണ്ട് രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും പരിസ്ഥിതി പഠനത്തിന്റെയും പബ്ലിക് ഹിയറിംഗിന്റെയും ഒടുവില്‍ 2014 ജനുവരി 3 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചു”.

  പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെല്ലാം തുറമുഖം നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം സാധാരണ തുറമുഖമേഖലകളില്‍ കാണുന്ന തീരശോഷണം പോലും ഇവിടെ ഉണ്ടാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

  Published by:Anuraj GR
  First published: