തമ്മിലടി പരാജയ കാരണം; തോൽവി ഉൾക്കൊള്ളാൻ കഴിയാതെ യുഡിഎഫ്

വോട്ടർമാരെ പരിഹസിക്കുന്നവരെ ജനം അംഗീകരിക്കില്ലെന്ന ഗുണപാഠമാണ് പാലായിലേതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

news18-malayalam
Updated: September 27, 2019, 5:19 PM IST
തമ്മിലടി പരാജയ കാരണം; തോൽവി ഉൾക്കൊള്ളാൻ കഴിയാതെ യുഡിഎഫ്
udf
  • Share this:
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഉൾക്കൊള്ളാൻ കഴിയാതെ യുഡിഎഫ് നേതൃത്വം. അപ്രതീക്ഷിത പരാജയമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ തോൽവിയിൽ കേരള കോൺഗ്രസിലെ തമ്മിലടിയെ കുറ്റപ്പെടുത്തി നേതാക്കൾ രംഗത്തെത്തി.

also read:കച്ചവടം നടന്നാലും ഇല്ലെങ്കിലും വോട്ട് നഷ്ടം ബി.ജെ.പിക്ക്

വോട്ടർമാരെ പരിഹസിക്കുന്നവരെ ജനം അംഗീകരിക്കില്ലെന്ന ഗുണപാഠമാണ് പാലായിലേതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളാ കോൺഗ്രസിലെ ചേരിപ്പോര് വോട്ടർമാരെ കോപാകുലരാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയുടെ വോട്ട് വാങ്ങിയിട്ടും പാലായിൽ എൽഡിഎഫിന് വോട്ട് ഉയർത്താൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും പാലായിൽ തമ്പടിച്ച് അധികാര ദുർവിനിയോഗം നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലാഫലം യുഡിഎഫിനുള്ള വോട്ടർമാരുടെ താക്കീതെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ പറഞ്ഞു. യുഡിഎഫ് നോതാക്കളുടെ മനോനില മാറണമെന്നും അദ്ദേഹം പറഞ്ഞു. പാലയിലേത് ഞെട്ടിക്കുന്ന തോൽവിയാണ്. തോൽവിയെ കുറിച്ച് സത്യസന്ധമായി പരിശോധിക്കണം- സുധീരൻ വ്യക്തമാക്കി.

പരാജയം അപ്രതീക്ഷിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പരാജയം യുഡിഎഫ് പഠിക്കും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും. ബിജെപി ഇടതു മുന്നണിക്ക് വോട്ടു മറിച്ചു- ഉമ്മൻ ചാണ്ടി പറഞ്ഞു.

പാലാ ഫലം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്ന് ബെന്നി ബെഹനാൻ. മുന്നണികൾ തമ്മിലാണ് മത്സരിക്കേണ്ടത്. മുന്നണിയിലുള്ളവർ തമ്മിലല്ല. നിസാരവോട്ടുകൾക്കാണ് എൽഡിഎഫ് ജയിച്ചത്. ബിജെപി വോട്ട് കച്ചവടം നടത്തിയത് ആർക്കെന്ന് മനസിലായല്ലോയെന്നും ബെന്നി ബഹനാൻ പറഞ്ഞു.പാലായിലെ പരാജയം പരിശോധിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ. വോട്ട് ചോർന്നത് യുഡിഎഫിൽ നിന്നാണോ കേരള കോൺഗ്രസിൽ നിന്നാണോയെന്നും പരിശോധിക്കും. മുന്നണിയിലെ ചെറിയ വിള്ളലുകളും ഫലത്തെ ബാധിക്കും- വേണു ഗോപാൽ വ്യക്തമാക്കി.

കേരളകോൺഗ്രസിലെ തമ്മിലടിയാണ് പരാജയത്തിന് കാരണമെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് യോജിച്ച് നിന്നില്ലെങ്കിൽ യുഡിഎഫ് കടുത്ത തീരുമാനമെടുക്കുക. മാണിയുടെ ആത്മാവിനേറ്റ മുറിവാണ് തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫിന് ബിജെപിയുടെ വോട്ടുകൾ ലഭിച്ചു- മുരളീധരൻ പറഞ്ഞു.

കേരള കോൺഗ്രസിലെ അനൈക്യം പാലായിലെ പരാജയത്തിന് കാരണമായെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അനൈക്യം തെരഞ്ഞെടുപ്പ് ദിവസം വരെ തുടർന്നുവെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പാലായിലേത് പ്രത്യേക സാഹചര്യമാണെന്നും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇനിയുള്ള അഞ്ചിടത്തും ഇത് ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍