• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോണ്‍ഗ്രസിലെ കലാപങ്ങള്‍ക്കിടെ നാളെ യുഡിഎഫ് യോഗം; സതീശന്റെ അനുനയനീക്കം ഫലം കാണുമോ?

കോണ്‍ഗ്രസിലെ കലാപങ്ങള്‍ക്കിടെ നാളെ യുഡിഎഫ് യോഗം; സതീശന്റെ അനുനയനീക്കം ഫലം കാണുമോ?

മുമ്പെങ്ങുമുണ്ടാവാത്ത തരത്തിലുള്ള പ്രതിസന്ധിയിലാണ് മുസ്ലീം ലീഗ് നേതൃത്വവും. കോണ്‍ഗ്രസ്സില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്ന ലീഗിന് പഴയ കരുത്തില്ല

UDF

UDF

 • Share this:
  തിരുവനന്തപുരം: പാര്‍ട്ടി പുനസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പൊട്ടിത്തെറിയിലെത്തിയ ശേഷം നേതാക്കള്‍ ആദ്യമായി നാളെ ഒന്നിച്ചിരിക്കുകയാണ്. ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ച് വര്‍ദ്ധിതവീര്യത്തോടെ മുന്നണിയോഗത്തിനെത്താനിരുന്ന, കോണ്‍ഗ്രസ്സില്‍ പുകയുന്ന കലാപത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് രൂപം നല്‍കാനാണ് യോഗം വിളിച്ചത്. പക്ഷേ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത പ്രതിസന്ധിമൂലം യുഡിഎഫ് യോഗം എത്രമാത്രം കാര്യക്ഷമമാകുമെന്ന് കണ്ടറിയണം.

  കോണ്‍ഗ്രസ്സിലെ കലാപം മുന്നണിയോഗത്തിലും ചര്‍ച്ചയാവാന്‍ സാദ്ധ്യതയുണ്ട്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ മൂലം കടുത്ത വെല്ലുവിളി നേരിടുന്ന യുഡിഎഫ് ക്യാമ്പിനെ തര്‍ക്കങ്ങള്‍ തെല്ലൊന്നുമല്ല ഉലക്കുന്നത്. കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കമെന്ന ആവശ്യം ഘടകകക്ഷികള്‍ ഉന്നയിക്കും.

  Also Read- കെപിസിസിക്ക് ചെന്നിത്തലയുടെ മുന്നറിയിപ്പ്; 'ഞാൻ നാലണ മെമ്പർ; ഉമ്മൻ‌ചാണ്ടിയെ അവഗണിച്ച് മുന്നോട്ട് പോകാൻ ആകില്ല'

  സതീശന്റെ നയതന്ത്രം ഫലിക്കുമോ?

  ഉടക്കി നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് മുന്നണിയോഗത്തിന് മുമ്പ് ചര്‍ച്ച നടത്തിയത്. നേരത്തെ ഇരുവരേയും സതീശന്‍ യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും അനുകൂലനിലപാടല്ല ഉണ്ടായതെന്നാണ് സൂചന. ഇതാണ് നേരിട്ടെത്തി ഇരുവരേയും കണ്ടത്. ഇരു നേതാക്കളേയും മുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യം പ്രധാന ഘടകകക്ഷികളും ഉന്നയിച്ചു.

  Also Read- കോണ്‍ഗ്രസില്‍ നിര്‍ണായക നീക്കം; വിഡി സതീശന്‍ പുതുപ്പള്ളിയില്‍; 'കോണ്‍ഗ്രസ് ഫസ്റ്റ് ഗ്രൂപ്പ് സെക്കന്‍ഡ്'; ഉമ്മന്‍ചാണ്ടി

  ആഭ്യന്ത്രപ്രതിസന്ധിയില്‍ ലീഗും

  മുമ്പെങ്ങുമുണ്ടാവാത്ത തരത്തിലുള്ള പ്രതിസന്ധിയിലാണ് മുസ്ലീം ലീഗ് നേതൃത്വവും. കോണ്‍ഗ്രസ്സില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്ന ലീഗിന് പഴയ കരുത്തില്ല. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെയുണ്ടായ വിമത നീക്കത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. ഇതിന് പുറമെ ഇ ഡിയുടെ അന്വേഷണമെന്ന പ്രതിസന്ധി വേറെയും. കോണ്‍ഗ്രസ്സ് തര്‍ക്കത്തില്‍ ശക്തമായി ഇടപെടാന്‍ ഇതൊക്കെ ലീഗിന് പരിമിതിയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാറിനില്‍ക്കുന്നത് മുന്നണിയുടെ പൊതു താല്‍പര്യത്തിന് വിഘാതമാവുമെന്ന നിലപാട് മുസ്ലീം ലീഗിനുണ്ട്.

  Also Read- ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി; 'ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കരുത്; പറഞ്ഞതിൽ പശ്ചാത്തപിക്കേണ്ടിവരും'

  ആര്‍ എസ് പിയുമായി ചര്‍ച്ച

  നാളെ മുന്നണിയോഗം ചേരുന്നതിന് മുമ്പായി ആര്‍എസ് പിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്താമെന്നാണ് കോണ്‍ഗ്രസ്സ് നല്‍കിയിരിക്കുന്ന ഉറപ്പ്. ആര്‍ എസ് പി നേതൃത്വം ഇതിന് വഴങ്ങിയിട്ടുമുണ്ട്. മുന്നണിയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയത് ഈ ഉറപ്പ് മുഖ വിലക്കെടുത്താണ്. എന്നാല്‍ ആര്‍ എസ് പിയില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്ന നിലപാടുണ്ട്.നാളെ നടക്കുന്ന ചര്‍ച്ചകളിലെ പുരോഗതി ആര്‍ എസ് പിക്കും നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് തോല്‍വികളിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആര്‍ എസ് പിയുടെ ആവശ്യം.
  Published by:Anuraj GR
  First published: