തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം. മുന്നണിയിലെ മുൻനിര നേതാക്കൾ എല്ലാം പങ്കെടുക്കുന്ന സമരത്തിൽ സർക്കാരിനെതിരായ കുറ്റപത്രം ജനസമക്ഷം യുഡിഎഫ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ എല്ലാ ഗേറ്റുകളും വളഞ്ഞു. പിന്നാലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരും 9 മണിക്കു മുൻപായി ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരക്കും. സെക്രട്ടേറിയേറ്റിലെ മൂന്നു ഗേറ്റുകൾ യുഡിഎഫ് പ്രവർത്തകർ വളയും. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പിണറായി സർക്കാർ ദയനീയ പരാജയമാണെന്നും സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേൽ ആയിരം കോടിയുടെ നികുതി ഭാരം സർക്കാർ കെട്ടിവെക്കുകയാണ്. ധൂർത്ത് കൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാറിനും പാസ് മാർക്ക് പോലും നൽകില്ലെന്നും സതീശൻ പറഞ്ഞു.
Also Read- പിണറായിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയില്ലായ്മയെന്ന് എ.കെ. ബാലൻ; വിമർശനവുമായി ഇ.പി.ജയരാജനും
ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണ്. മറുപടി പറഞ്ഞാൽ പ്രതിപക്ഷം കൂടുതൽ തെളിവുകൾ പുറത്തുവിടും. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമില്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എന്തിനാണ് ജയിലിൽ പോയത്. പിണറായി വിജയന് മുഖ്യമന്ത്രി പദവിയിൽ ഇരിക്കാൻ യോഗ്യനല്ല. വലിയ അഴിമതി കഥകൾ വൈകാതെ പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയന് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.