തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനവിനെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത രാപകൽ സമരം ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോഴിക്കോട് നിർവഹിച്ചു. സെക്രട്ടറിയറ്റിന് മുമ്പിലെ സമരം യുഡിഎഫ് കൺവീനർ എം എം ഹസൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളിൽ കളക്ട്രേറ്റിന് മുന്നിലും ആണ് സമരം.
മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചോദിച്ചു. മുൻകരുതലിൻറെ ഭാഗമായി നൂറുകണക്കിന് ആളുകളുടെ പേരിൽ കേസെടുക്കുന്നു. കുഞ്ഞിന് മരുന്ന് വാങ്ങാൻപോകുന്നവരെ വരെ പോലും വേട്ടയാടുന്നു. മുമ്പ് കറുപ്പായിരുന്നു മുഖ്യമന്ത്രിക്ക് ഭയം. ഇപ്പോൾ വെള്ള വസ്ത്രമിടുന്നവരെയാണ് ഭയമെന്നും വി ഡി സതീശൻ പരിഹസിച്ചു.
ജനദ്രോഹനികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇടത് സർക്കരെന്ന് എം എം ഹസൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറി. ലഹരി കള്ളക്കടത്തുകാർക്കും സ്ത്രീപീഡകർക്കും ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് ഇപ്പോൾ കേരളമെന്നും ഹസൻ കുറ്റപ്പെടുത്തി.
ചിന്താ ജെറോമിന്റെ റിസർച്ച് പേപ്പർ കണ്ടതോടെ വാഴക്കുലയ്ക്കും സെസ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു. ഇടിവെട്ടിയ മാതിരിയുള്ള കൊള്ളയാണ് ഇപ്പോൾ നടക്കുന്നത്. ഇതുപോലെ നാടിനെ കൊള്ളയടിച്ച ആരുമില്ല. വേലുത്തമ്പി ദളവ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ പല ആളുകളുടെയും പെരുവിരൽ മുറിച്ചേനെയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഡിഎഫിന്‍റെ രാപ്പകൽ സമരത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.