കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമോ? യുഡിഎഫ് യോഗം നിർണായകം

കുട്ടനാട് സീറ്റിനായുള്ള അവകാശവാദങ്ങള്‍ ജോസ് കെ മാണിയും പി ജെ ജോസഫും തുടരുന്നതിനിടെ സീറ്റ് ഏറ്റെടുക്കുന്ന ചർച്ചക്ക് കോൺഗ്രസ് തന്നെ മുൻകൈ എടുക്കും

News18 Malayalam | news18-malayalam
Updated: February 24, 2020, 12:30 PM IST
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമോ? യുഡിഎഫ് യോഗം നിർണായകം
ഫയൽ ചിത്രം
  • Share this:
തിരുവനന്തപുരം: കുട്ടനാട് സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ അവകാശ വാദങ്ങൾ തുടരുന്നതിനിടെ നിർണായക യു ഡി എഫ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ച യോഗത്തിൽ ഉണ്ടാകും. കേരള കോൺഗ്രസ് എമ്മിലെ ചേരി പോരും, ജേക്കബ് വിഭാഗത്തിലെ പിളർപ്പും യു ഡി എഫിന് തലവേദന സൃഷ്ടിച്ചിരിക്കെയാണ് നാളെ യോഗം. കേരള കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ മറ്റ് ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതും മുന്നണി യോഗത്തിൽ ചർച്ചയാകും.

കുട്ടനാട് സീറ്റിനായുള്ള അവകാശവാദങ്ങള്‍ ജോസ് കെ മാണിയും പി ജെ ജോസഫും തുടരുന്നതിനിടെ സീറ്റ് ഏറ്റെടുക്കുന്ന ചർച്ചക്ക് കോൺഗ്രസ് തന്നെ മുൻകൈ എടുക്കും. തർക്കങ്ങൾ മുന്നണിക്ക് ക്ഷീണമാകുന്നെന്ന അഭിപ്രായം മുസ്ലീം ലീഗും, ആർ എസ് പിയും ഉന്നയിക്കും. ഉപതെരഞ്ഞെടുപ്പില്‍ കുട്ടനാട് ഏറ്റെടുത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റൊരു മണ്ഡലം നൽകാമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കാനാണ് സാധ്യത. എന്നാൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ ഇരുവിഭാഗവും. പ്രശ്നപരിഹാരത്തിന് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

മുന്നണി യോഗത്തിന് മുൻപ് ഉഭയകക്ഷി ചർച്ച നടത്താനും നീക്കമുണ്ട്. ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി ജെ ജോസഫ് പക്ഷവും തോമസ് ചാഴിക്കാടന്റെ അധ്യക്ഷതയിൽ സമിതിയെ നിയമിച്ചു സ്ഥാനാർഥി നിർണയ ചർച്ചകളുമായി ജോസ് കെ മാണി പക്ഷവും നീങ്ങുകയാണ്. എൽ ഡി എഫ് ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് കടന്ന പശ്ചാത്തലത്തിൽ നാളെത്തെ മുന്നണി യോഗത്തില്‍ത്തന്നെ കുട്ടനാട് സീറ്റ് സംബന്ധിച്ച് ധാരണയിലെത്താനാണ്  നേതൃത്വത്തിന്‍റെ ശ്രമം.

കേരളാ കോണ്‍ഗ്രസ് എമ്മിന് പിന്നാലെ  കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ പൊട്ടിത്തെറിയും മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗവർണർക്കെതിരെ നിയമസഭയിൽ നടത്തിയ പ്രതിഷേധം, പോലീസിനെതിരായ അഴിമതി ആരോപണങ്ങൾ എന്നിവയിലൂടെ ഉണ്ടായ അനുകൂല സാഹചര്യങ്ങൾ പരസ്പരം പോരടിച്ച്  ഇല്ലാതാക്കിയെന്ന അഭിപ്രായം ലീഗിനുമുണ്ട്. ആർ എസ് പിയും ഇക്കാര്യത്തിലുള്ള അതൃപ്തി യോഗത്തിൽ അറിയിക്കും. തദ്ദേശ തെരത്തെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന പൊതുവികാരമാണുള്ളത്.

ജോസ് കെ മാണിയുടെ ആവശ്യം പരിഗണിച്ച് സർക്കാർ ബജറ്റിൽ 5 കോടി അനുവദിച്ചതിൽ അസ്വാഭാവികതയില്ലെന്ന് പരസ്യമായി പറയുമ്പോഴും കരുതലോടെ തന്നെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ നീക്കങ്ങൾ. ഇബ്രാഹിം കുഞ്ഞിനും, വി എസ് ശിവകുമാറിനുമെതിരായ വിജിലൻസ് നടപടിയും യോഗത്തിൽ ചർച്ചയായേക്കും.

 
First published: February 24, 2020, 12:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading