• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lokayukta | ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; ഒപ്പ് വയ്ക്കരുതെന്ന ആവശ്യവുമായി UDF പ്രതിനിധി സംഘം ഗവര്‍ണറെ കാണും

Lokayukta | ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; ഒപ്പ് വയ്ക്കരുതെന്ന ആവശ്യവുമായി UDF പ്രതിനിധി സംഘം ഗവര്‍ണറെ കാണും

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു

  • Share this:
    തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരിക്കുന്നത്.

    ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളേയും കാറ്റില്‍ പറത്തിയാണ് രഹസ്യമായി ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചതെന്ന് സതീശന്‍ ആരോപിച്ചു.

    ഉദ്യോഗസ്ഥര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി വന്നതോടെ അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ഏക ആശ്രയമായിരുന്ന ലോകായുക്തയെ നിര്‍ജീവമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

    ലോകായുക്തയെ നിഷ്‌ക്രിയമാക്കാനുള്ള നീക്കമാണിത്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ ആര്‍ എസ് ശശികുമാറും നല്‍കിയിരിക്കുന്ന കേസുകളില്‍ ലോകായുക്ത വിധി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് രഹസ്യ നിയമ ഭേദഗതി നടത്തിയിരിക്കുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ഉടന്‍ ലോകായുക്തയെ സമീപിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

    Also Read-Lokayukta| ലോകായുക്തയുടെ അധികാരം കവരാന്‍ നിയമഭേദഗതി; വിധി സർക്കാരിന് തള്ളാം

    സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഒരു അഴിമതി കേസും വരരുതെന്ന ലക്ഷ്യവും ഭേദഗതിക്ക് പിന്നിലുണ്ട്. ഇനി സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം.

    സില്‍വര്‍ ലൈന്‍, ലോകായുക്ത എന്നീ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് കേരളത്തിലെ സിപിഎം സ്വീകരിക്കുന്നത്. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് അംഗങ്ങള്‍. എന്നാല്‍ ഇത്രയും ഗൗരവതരമായ ഒരു ഭേദഗതി കൊണ്ടുന്നിട്ടും പ്രതിപക്ഷ നേതാവിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

    Also Read-Lokayukta| 'ഇതിലും ഭേദം ലോകായുക്തയെ പിരിച്ചു വിടുന്നത്, ഗവർണർ ഒപ്പിടരുത്': രമേശ് ചെന്നിത്തല

    ഫെബ്രുവരി പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ ജനുവരി അവസാനം ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ദുരൂഹമാണ്. സര്‍ക്കാരിനെതിരായ കേസുകളില്‍ നിന്നും രക്ഷപ്പെടാനാണ് ഈ ഓര്‍ഡിനന്‍സ്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: