കാസർകോഡ്: പെരിയ ഇരട്ടകൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും പ്രധാനചർച്ചയാവും. കൊലപാതകം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണം വീണ്ടും സജീവമാക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് ശ്രമം.
ഇടത് കോട്ടയായിരുന്ന കാസറഗോഡ് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങളിലൊന്നായിരുന്നു പെരിയ ഇരട്ട കൊലപാതകം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് തുടക്കം മുതൽ കോണ്ഗ്രസ് ആരോപിക്കുന്നുണ്ട്.
അന്വേഷണം അട്ടിമറിച്ചെന്ന കോൺഗ്രസിന്റെ ആരോപണം, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധിയോടെ വീണ്ടും ബലപ്പെടുകയാണ്. ഇക്കാലയളവിൽ ഉണ്ടായ മറ്റ് രാഷ്ട്രീയകൊലപാതകങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രധാനചർച്ചയാക്കാനാണ് യുഡിഎഫിന്റെ നീക്കം. ഇന്ന് നടക്കുന്ന യുഡിഎഫ് കൺവെഷനിൽ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയുമടക്കമുള്ളവർ സിപിഎമ്മിനെതിരെ പെരിയ കൊലപാടകം പ്രധാന വിഷയമായി ഉയർത്തുമെന്നാണ് സൂചന.
എന്നാൽ കോടതിവിധിയും സിബിഐ അന്വേഷണവും ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. എങ്കിൽപ്പോലും ഒരിടവേളയ്ക്ക് ശേഷം പെരിയ വീണ്ടും ചർച്ചയാവുന്നത് പ്രതിരോധത്തിലാക്കുമോയെന്ന ആശങ്ക എൽഡിഎഫ് കാമ്പിലുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.