• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സ്വർണക്കടത്ത് അന്വേഷണത്തിൽ സി.പി.എം-ബി.ജെ.പി ഭായി ഭായി; സർക്കാരിനെതിരായ സമരം തുടരും': എം.എം ഹസൻ

'സ്വർണക്കടത്ത് അന്വേഷണത്തിൽ സി.പി.എം-ബി.ജെ.പി ഭായി ഭായി; സർക്കാരിനെതിരായ സമരം തുടരും': എം.എം ഹസൻ

"മോദിക്കെതിരെ ഒരു വാക്ക് പോലും പിണറായി പറയുന്നില്ല. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് രാജഭക്തിയാണ്. ലാവലിന്‍ കേസില്‍ ഉള്‍പ്പെടെയുള്ള ഭയമാണ് ഇതിന് കാരണം."

എം.എം ഹസൻ

എം.എം ഹസൻ

 • Share this:
  തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരങ്ങള്‍ തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസന്‍. സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് സമരം തുടരും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങളോടും യു.ഡി.എഫ് പിന്തുണ നൽകും. താത്കാലികമായി സമരം നിർത്തിയതിനെ സി.പി.എം കളിയാക്കുകയാണ്. പ്രതിപക്ഷം സമരങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി പൂർണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം നടത്തുമെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരപരമ്പരയുടെ ഭാഗമായി ഈ മാസം 12ന് 140 നിയോജകമണ്ഡലങ്ങളിലും അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് സമരം നടത്തും. അഴിമതിയുടെ പെരുമഴക്കാലമാണ് ഇടതുസര്‍ക്കാരിന്റെ കാലത്തുണ്ടായത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രത്യാക്രമണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നും ഹസൻ പറഞ്ഞു.

  കോവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്റെ ഉദാസീനതയാണ്. സ്വര്‍ണക്കടത്ത് വാര്‍ത്ത പുറത്ത് വന്നതിന് തൊട്ട് അടുത്ത ദിവസം മുതലാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സർക്കാർ രാഷ്ട്രീയവല്‍ക്കരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധം താളം തെറ്റിയതും രോഗം വ്യാപിക്കാനും കാരണമെന്ന് ഹസൻ പറഞ്ഞു. കെറോണയ്ക്ക് ശേഷമുള്ള സർക്കാരിൻ്റെ പ്രവർത്തനം പരിശോധിച്ചാൽ കോവിഡ് ബാധിക്കുന്നത് പോലെയാണ് അഴിമതി വ്യാപിച്ചതെന്നും ഹസന്‍ ആരോപിച്ചു.

  സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ സി.പി.എം-ബി.ജെ.പി രഹസ്യബന്ധമാണ്. കേസന്വേഷണത്തിലെ കാലതാമസത്തിന് കാരണം ഇതാണ്. മോദിക്കെതിരെ ഒരു വാക്ക് പോലും പിണറായി പറയുന്നില്ല. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് രാജഭക്തിയാണ്. ലാവലിന്‍ കേസില്‍ ഉള്‍പ്പെടെയുള്ള ഭയമാണ് ഇതിന് കാരണം. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും ഈ ബന്ധം കണ്ടു. രാത്രിയുടെ ഇരുട്ടിൽ സി.പി.എമ്മും ബി.ജെ.പിയും ഭായി ഭായി അണ്.
  ആടറിയുന്നോ അങ്ങാടി വാണിഭം എന്നതു പോലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അവസ്ഥ. ബി.ജെ.പി സി.പി.എം ധാരണയെ പറ്റി സുരേന്ദ്രന് ഒന്നും അറിയുന്നില്ലെന്നും ഹസൻ പറഞ്ഞു.

  സി.പി.ഐയ്ക്ക് ശക്തി ഇല്ലെങ്കിലും സി.പി.എമ്മിനേക്കാള്‍ ബുദ്ധിയുണ്ട്. അതിനാലാണ് ഭരണത്തുടര്‍ച്ച അസാധ്യമെന്ന കാനത്തിന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവിന് എതിരായ കോടിയേരിയുടെ ആരോപണം തിരിഞ്ഞ് കുത്തുകയാണെന്നും കണ്‍വീനറായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ എം എം ഹസന്‍ അഭിപ്രായപ്പെട്ടു.
  Published by:Aneesh Anirudhan
  First published: