മലപ്പുറം: 75 മുതൽ 80 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും തിരൂരങ്ങാടി സ്ഥാനാർഥിയും ആയ കെപി എ മജീദ്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായ അവസ്ഥ ആയിരുന്നു ഈ തെരഞ്ഞെടുപ്പ് സമയത്തും കേരളത്തിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്നില്ല എങ്കിലും രണ്ടാം ഘട്ടത്തിൽ ഏറെ മുന്നോട്ട് പോകാൻ ആയി.
പിന്നീട് രാഹുൽ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും പ്രചരണവും ശബരിമല വിഷയവും എല്ലാം വന്നതോടെ എൽഡിഎഫിന് പ്രതിരോധിക്കാൻ ആയില്ല. ഇടതുപക്ഷത്തിന് അവരുടെ കൈവശം ഉള്ള ഒരുപാട് സീറ്റുകൾ നഷ്ടമാകും. 5 വർഷം കൂടുമ്പോൾ ഇടത് വലത് മുന്നണികൾ മാറി മാറി ഭരിക്കുന്നത് ആണ് കേരളത്തിൽ കാണുന്നത്. ഇത്തവണയും അതിന് ഒരു മാറ്റം ഉണ്ടാകില്ല. യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തും എന്ന് ഉറപ്പാണെന്നും കെപിഎ മജീദ് ന്യൂസ് 18 നോട് പറഞ്ഞു.
മുസ്ലിം ലീഗ് നിലവിലുള്ള സീറ്റുകൾക്ക് പുറമെ 3 സീറ്റുകൾ എങ്കിലും അധികം നേടും. കൊടുവള്ളി, താനൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ ജയം ഉറപ്പാണ്. മുൻപ് ലീഗിന് നേടാൻ കഴിയാത്തതും നഷ്ടം വന്നതുമാണ് ഈ സീറ്റുകൾ. തിരൂരങ്ങാടി ജയിക്കും എന്ന സിപിഐ വിലയിരുത്തൽ വാസ്തവ വിരുദ്ധമാണെന്നും കെപിഎ മജീദ് പറയുന്നു. അവിടെ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയ സാധ്യത അടുത്തൊന്നും ഇല്ല. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റിയതിൽ എൽഡിഎഫിൽ തന്നെ പ്രതിഷേധം ഉണ്ട്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ടുകൾ യുഡിഎഫിന് കിട്ടും. ഒരു അട്ടിമറിയും തിരൂരങ്ങാടി ഉണ്ടാകില്ലെന്ന് മജീദ് വ്യക്തമാക്കുന്നു.
You may also like:COVID 19| കേരളത്തിൽ ഇന്നും നാളേയും ലോക്ക്ഡൗണിന് സമാനം; നിയന്ത്രണങ്ങൾ എന്തൊക്കെ?
കോവിഡ് വാക്സിൻ സൗജന്യമായി തന്നെ നൽകണം എന്ന് കെപിഎ മജീദ്. ഒരു വിധം എല്ലാ സംസ്ഥാനങ്ങളും സൗജന്യം ആയാണ് നൽകുന്നത്. അത് സൗജന്യ നിരക്കിൽ തന്നെ കൊടുക്കണം. സ്വാഭാവികമായും ആ തീരുമാനം സ്വാഗതം ചെയ്യേണ്ടത് ആണ്.
അതിൽ ബാധ്യത നോക്കരുത്..കിറ്റ് നൽകുന്നത് ബാധ്യത നോക്കി അല്ലല്ലോ എന്നും ജനങ്ങൾക്ക് ആശ്വാസം നൽകുക ആണ് പ്രധാനം എന്നും മജീദ് പറഞ്ഞു. യുഡിഎഫ് സർകാർ വന്നാൽ സൗജന്യം തുടരുമോ എന്ന് ഇപ്പൊൾ അല്ല പറയേണ്ടത്, അത് അപ്പൊൾ പറയാം എന്നും മജീദ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.