HOME » NEWS » Kerala » UMESH VALLIKKUNNU GOT MEMO FOR SHARING ONE SCENE FROM KADU POOKKUNNA NERAM MOVIE JJ

'കാടു പൂക്കുന്ന നേരം' സിനിമയിലെ രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് പൊലീസ് മെമ്മോ

പൊലീസിന്‍റെ ഈ നടപടിക്കെതിരെ 'കാട് പൂക്കുന്ന നേരം' ചിത്രത്തിന്‍റെ സംവിധായകൻ ഡോ. ബിജു രംഗത്തെത്തി

News18 Malayalam | news18
Updated: November 14, 2019, 8:15 PM IST
'കാടു പൂക്കുന്ന നേരം' സിനിമയിലെ രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് പൊലീസ് മെമ്മോ
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം
  • News18
  • Last Updated: November 14, 2019, 8:15 PM IST
  • Share this:
തിരുവനന്തപുരം: 'കാട് പൂക്കുന്ന നേരം' എന്ന സിനിമയിൽ മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പൊലീസുകാരന് പൊലീസ് മെമ്മോ. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനാണ് ജില്ലാ പൊലീസ് മേധാവി എ.വി ജോർജ് ഐ.പി.എസ് മെമോ അയച്ചിരിക്കുന്നത്.

പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യുഎപിഎ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം നിലനിൽക്കുന്ന സന്ദർഭത്തിൽ പൊലീസിന്‍റെ മാവോയിസ്റ്റ് നടപടികളെയും യുഎപിഎ പ്രകാരമുള്ള നടപടികളെയും വിമർശിക്കുന്ന 'കാടു പൂക്കുന്ന നേരം' എന്ന സിനിമയുടെ ഒരു രംഗത്തിന്‍റെ ഫോട്ടോയും സംഭാഷണത്തിന്‍റെ ലിങ്കും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് നടപടി.



ശബരിമല; സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് ആർ എസ് എസ്

അതേസമയം, പൊലീസിന്‍റെ ഈ നടപടിക്കെതിരെ 'കാട് പൂക്കുന്ന നേരം' ചിത്രത്തിന്‍റെ സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. കേരള സംസ്ഥാന സർക്കാരിന്‍റെ അഞ്ചു പ്രധാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും കിട്ടിയ ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ആണ് കേരളാ പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡോ. ബിജു ആരോപിച്ചു.

ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,



കാട് പൂക്കുന്ന നേരം സിനിമയിൽ മാവോയിസ്റ്റ്, യു എ പി എ , എന്നീ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന ഒരു രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു എന്നതിന്റെ പേരിൽ ഉമേഷ് വള്ളിക്കുന്ന് എന്ന സുഹൃത്തിന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മെമ്മോ. പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ഉമേഷിന് ശിക്ഷാ നടപടികൾ സ്വീകരിക്കാതിരിക്കാനുള്ള വിശദീകരണം ചോദിച്ചിരിക്കുകയാണ് . പോലീസിന്റെ മാവോയിസ്റ്റ് നടപടികളെയും UAPA പ്രകാരമുള്ള നടപടികളെയും വിമർശിക്കുന്ന കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം ഷെയർ ചെയ്തത് പോലീസിനെ വിമർശിക്കപ്പെടാനും സമൂഹ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും ചർച്ച ചെയ്യാനും സാധ്യത ഉള്ളതായി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് ചെയ്തതിനാൽ ഈ വിഷയത്തിൽ ഉമേഷിനോട് വിശദീകരണം ചോദിച്ചിരിക്കുക ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ. ഇന്ത്യയിൽ അൺ റസ്ട്രിക്റ്റഡ് പൊതു പ്രദർശനത്തിന് സെൻസർ അനുമതി ലഭിച്ചിട്ടുള്ള , കേരള സംസ്ഥാന സർക്കാരിന്റെ അഞ്ചു പ്രധാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും കിട്ടിയ, ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ആണ് കേരളാ പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലാണിത് സംഭവിച്ചത്.ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തും അല്ല ,ആവിഷ്കാര സ്വാതന്ത്രത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന നാട്ടിൽ ആണ്. ഒരു സിനിമാ ആസ്വാദകന് ഈ നാട്ടിൽ നിരോധിച്ചിട്ടില്ലാത്ത ഒരു സിനിമയിലെ തനിക്കിഷ്ടപ്പെട്ട രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത ഫാസിസ്റ്റ് കാലത്താണോ നമ്മൾ ജീവിക്കുന്നത്..ഇക്കണക്കിന് കാട് പൂക്കുന്ന നേരം സിനിമ കാണുന്നവർക്കെതിരെയും ആ സിനിമ പ്രദർശിപ്പിക്കുന്ന ഫിലിം സൊസൈറ്റികൾക്കും കോളേജുകൾക്കും എതിരെ പോലും പോലീസ് ഇനി കേസ് എടുക്കാൻ സാധ്യത ഉണ്ടല്ലോ. എന്തൊരു നാടാണ് ഇത്..എങ്ങോട്ടേക്ക് ആണീ പോലീസ് സ്റ്റേറ്റ് സഞ്ചരിക്കുന്നത്...ഏതായാലും ഇനി ഇപ്പൊ ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ വലിയ വായിൽ നിലവിളിക്കുന്ന ആ പുരോഗമന കലാ പരിപാടി വീണ്ടും പുരോഗമന പ്രസ്ഥാനങ്ങൾ കൊണ്ടാടുമോ അതോ നിർത്തി വെക്കുമോ എന്നതാണ് അറിയേണ്ടത്..ഉമേഷ് മെമ്മോയ്ക്ക് ഉശിരൻ മറുപടി നൽകിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്.. കാട് പൂക്കുന്ന നേരം കൂടുതൽ കാഴ്ച്ച ആവശ്യപ്പെടുന്ന സമയം ആണിത്. ഒരു കലാസൃഷ്ടിയെ പോലീസ് ഭയക്കുന്നു എങ്കിൽ അതിന്റെ അർത്ഥം ആ കലാസൃഷ്ടി സത്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്ന് തന്നെയാണ്.പ്രിയപ്പെട്ട കേരളാ പോലീസേ, ആളുകളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും ..പക്ഷെ ഒരു കലാസൃഷ്ടിയെ എത്ര കാലത്തേക്ക് നിങ്ങൾക്ക് അടിച്ചമർത്താൻ സാധിക്കും?.എല്ലാ ഫാസിസ്റ്റ് നിലപാടുകൾക്കും മീതെ കലാ സൃഷ്ടികൾ ലോകത്തോട് സംവദിച്ചു കൊണ്ടേ ഇരിക്കും..ലോകമുള്ള കാലത്തോളം..പ്രിയ ഉമേഷ് സ്നേഹം..അഭിമാനം..ഒപ്പമുണ്ട് എപ്പോഴും..

സിനിമ ചെയ്യാനും സമൂഹത്തോട് സംസാരിക്കാനും പ്രേരിപ്പിക്കുന്നത് ഉമേഷിനെ പോലെ ആർജ്ജവവും നിലപാടുകളുമുള്ള കുറെ ഏറെ ആളുകൾ ഈ കെട്ട കാലത്തും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോഴാണ്....ഫാസിസ്റ്റ് നിലപാടുകൾക്ക് ഒരു മുഖമേ ഉള്ളൂ..അത് ആര് ചെയ്താലും ഫാസിസം തന്നെയാണ്. അവരുടെ ഫാസിസം അക്രമം എതിർക്കപ്പെടേണ്ടത് ,നമ്മുടെ ഫാസിസം ഉദാത്തം അത് അത്ര വലിയ കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്ന നിഷ്കളങ്കർക്ക് നല്ല നമസ്കാരം...

സമീപ കാലത്ത് തന്നെ ഭരണ കൂടത്തേയും പോലീസിനെയും വിമർശിക്കുന്ന സിനിമകളും സാഹിത്യവും നിരോധിക്കുന്ന സുന്ദര സുരഭില കാലത്തേക്കാണ് നമ്മൾ അതിവേഗം മാർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്...
ഉമേഷിന് കിട്ടിയ മെമ്മോയുടെ പകർപ്പ് ഒപ്പം..
First published: November 14, 2019, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories