• HOME
 • »
 • NEWS
 • »
 • kerala
 • »
 • Moral police |'ആതിരയുടെ ഫ്ലാറ്റ് ഒഴിഞ്ഞിട്ട് ഒരു കൊല്ലം;ആശാന്‍ ഇപ്പോഴും വരത്തനിലെ കഥാപാത്രം പോലെ ഒളിഞ്ഞു നോക്കുന്നു'; ഉമേഷ് വള്ളിക്കുന്ന്

Moral police |'ആതിരയുടെ ഫ്ലാറ്റ് ഒഴിഞ്ഞിട്ട് ഒരു കൊല്ലം;ആശാന്‍ ഇപ്പോഴും വരത്തനിലെ കഥാപാത്രം പോലെ ഒളിഞ്ഞു നോക്കുന്നു'; ഉമേഷ് വള്ളിക്കുന്ന്

വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കമുള്ള സദാചാര പ്രശ്നങ്ങൾ ആരോപിച്ച് 2020 സെപ്തംബറിലാണ് ഉമേഷിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്ജ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്

 • Share this:
  നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടിസ് കൈപറ്റിയതിനെ പിന്നാലെ പ്രതികരണവുമായി കോഴിക്കോട് ഫറോഖ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് (Umesh Vallikkunnu).ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണം, വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിർബന്ധിത വിരമിക്കല്‍ നടപ്പാക്കുമെന്നുമാണ് വിരമിക്കുന്ന ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് തയ്യാറാക്കിയ കാരണം കാണിക്കല്‍ നോട്ടീസിസില്‍ പറയുന്നത്.

  എന്നാല്‍, 2020 സെപ്റ്റംബർ മാസം  ഇറക്കിയ നാലാംകിട സസ്പെൻഷൻ ഉത്തരവിന്റെ തുടർച്ചയാണിതെന്നും. കേരളത്തിലെ പൊതുസമൂഹം ചർച്ച ചെയ്യുകയും കേരളപ്പോലീസിന് തന്നെ അപമാനകരമാവുകയും ചെയ്ത ആ ഉത്തരവിലെ ദുഷിച്ച ദുരാചാരഗുണ്ടായിസം ഒന്നരക്കൊല്ലത്തിനിപ്പുറം വീണ്ടും എഴുതിപ്പിടിപ്പിക്കുകയാണെന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു. വിരമിച്ച സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  കോഴിക്കോട് സിറ്റി കണ്ട്രോൾ റൂമില്‍ ജോലി ചെയ്യവേ യുവതിക്ക് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. 15 വര്‍ഷത്തെ സര്‍വീസിനിടെ  ഉമേഷ് രണ്ട് വട്ടം സസ്പെന്‍ഷനും പലവട്ടം മറ്റ് അച്ചടക്ക നടപടികൾക്കും വിധേയനായിട്ടുണ്ട്. നിലവില്‍ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ഉമേഷ്. കാരണം നോട്ടീസിനെതിരെ നിയമപരമായി നേരിടുമെന്ന് ഉമേഷ് പ്രതികരിച്ചു. നോട്ടീസ് നിയമപരമല്ലെന്നാണ് ഉമേഷിന്‍റെ വാദം. പിഎസ്‍സി വഴി നിയമനം കിട്ടിയ തന്നെ പിരിച്ചുവിടാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മേലധികാരികള്‍ക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും ഉമേഷ് പറഞ്ഞു.

  അതേസമയം,  ഉമേഷിന്‍റെ സുഹൃത്ത് ആതിരയുടെ ഫ്ലാറ്റ് ഒഴിഞ്ഞു കൊടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞെന്നും പക്ഷേ, ആശാൻ ഇപ്പോഴും അതിനകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണെന്നും എവി ജോര്‍ജ്ജിനെ വിമര്‍ശിച്ച് ഉമേഷ് പറഞ്ഞു. വരത്തൻ എന്ന സിനിമയിൽ  വിജിലേഷ് അഭിനയിച്ച കഥാപാത്രത്തെയാണ് ഓർമ്മ വരുന്നതെന്നും ഉമേഷ് കുറിപ്പിലൂടെ പറഞ്ഞു.

  വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കമുള്ള സദാചാര പ്രശ്നങ്ങൾ ആരോപിച്ച് 2020 സെപ്തംബറിലാണ് ഉമേഷിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്ജ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ആറ് മാസത്തിന് ശേഷം,  അന്വേഷണം പൂർത്തിയാക്കി സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ഉമേഷിനെ അഭ്യർത്ഥന പ്രകാരം 2021 മാര്‍ച്ചില്‍ ഫറോക്ക് പോലീസ് സ്റ്റേഷനിൽ ഉമേഷിനെ നിയമിച്ച് കൊണ്ട് കമ്മീഷണർ ഉത്തരവിട്ടുകയും ചെയ്തിരുന്നു.

  സുഹൃത്തായ യുവതിയുടെ ഫ്ളാറ്റില്‍ ഉമേഷ് നിത്യ സന്ദര്‍ശനം നടത്തുന്നു എന്നതടക്കമുളള സസ്പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ അപകീർത്തികരമായിരുന്നു എന്ന് കാണിച്ച് കൊണ്ട് യുവതി ഉത്തരമേഖല ഐജിക്ക് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല.  അതേസമയം തിരിച്ചെടുക്കണമെന്ന അപേക്ഷയിൽ കമ്മീഷണറുടെ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തതന്നും അതേപറ്റി പരാമർശമൊന്നും ഉണ്ടായിരുന്നില്ലെന്നും ഉമേഷ് ആരോപിക്കുന്നു.

  ഉമേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  Dears,  'ഓർഡർ ഇട്ടു'.. "ഓർഡറിൽ ഒപ്പിട്ടു" എന്നൊക്കെ അയാൾ ചാനലുകളോട് ആവർത്തിച്ച് പറഞ്ഞ സംഗതി ഇന്ന് കൈപ്പറ്റി. 'കാരണം കാണിക്കൽ നോട്ടീസ്' ആണ്, 'ഓർഡർ' അല്ല. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അത് ആ റിട്ടയേഡ് ഓഫീസർക്ക് അറിയാത്തതുമല്ല. പക്ഷേ, ഉള്ളിലിരുന്ന് 'അധികാരം' 'അധികാരം' എന്ന് നുരഞ്ഞു പൊങ്ങുന്ന ദുര നാവിൻ തുമ്പിൽ തികട്ടിയെത്തുമ്പോൾ ഒരാൾക്ക് അങ്ങനെയേ പറയാനാവൂ.. പാവം!  പറ്റുന്നവർ ഡൗൺലോഡ് ചെയ്ത് ഒന്ന് വായിച്ചു നോക്കൂ.. 2020 സെപ്റ്റംബർ മാസം അയാൾ ഇറക്കിയ നാലാംകിട സസ്പെൻഷൻ ഉത്തരവിന്റെ തുടർച്ചയാണിത്. കേരളത്തിലെ പൊതുസമൂഹം ചർച്ച ചെയ്യുകയും കേരളപ്പോലീസിന് തന്നെ അപമാനകരമാവുകയും ചെയ്ത ആ ഉത്തരവിലെ ദുഷിച്ച ദുരാചാരഗുണ്ടായിസം ഒന്നരക്കൊല്ലത്തിനിപ്പുറം വീണ്ടും എഴുതിപ്പിടിപ്പിക്കുകയാണ് ആ ......!

  (ആതിരയുടെ ഫ്ലാറ്റ് ഒഴിഞ്ഞു കൊടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞു. പക്ഷേ, ആശാൻ ഇപ്പോഴും അതിനകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്! വരത്തൻ എന്ന സിനിമയിൽ നമ്മുടെ വിജിലേഷ് അഭിനയിച്ച കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്.)


  അതിനൊപ്പം, ആയാൾ തന്നെ സ്വീകരിച്ച മറ്റ് ശിക്ഷാ നടപടികളും കൂട്ടിക്കെട്ടിയാണ് "മറ്റുള്ള സേനാംഗങ്ങളുടെ ധാർമ്മികതയ്ക്കും സൽസ്വഭാവത്തിനും ഭീഷണിയാവുന്നു" എന്നതിനാൽ "Compalsary retirement from service" ഉത്തരവിടാൻ പുള്ളി തീരുമാനിച്ചതത്രേ! പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കാനാണ് നോട്ടീസ്.  മറുപടി നമുക്ക് കൊടുക്കാം. പുതിയ കമ്മീഷണർ ഉചിതമായ തീരുമാനം എടുക്കട്ടെ. ബാക്കിയൊക്കെ വരും വഴി നോക്കാം. അത്രേയുള്ളു നമ്മളെ സംബന്ധിച്ചിടത്തോളം ഈ നോട്ടീസിനെ സംബന്ധിച്ച്...
  (ഇത് പരസ്യമാക്കേണ്ടിരുന്നില്ല എന്ന് പറയുന്ന സുഹൃത്തുക്കളോട് സ്നേഹപൂർവ്വം: എന്നെ പിരിച്ചു വിട്ടു എന്ന് പച്ചക്കള്ളം AV George ചാനലുകളോട് പറഞ്ഞതാണ്. അത് വലിയ വാർത്തയായി മലയാളികളുള്ളിടത്തൊക്കെ എത്തിയിട്ടുള്ളതുമാണ്. അപ്പോൾ സത്യാവസ്ഥ നമുക്ക് ജനങ്ങളോട് പറയേണ്ടതുണ്ട്.)


  Published by:Arun krishna
  First published: