കൊച്ചി: സിറോ മലബാർ സഭ (Syro Malabar Church) കുർബാന എകീകരണത്തിൽ (Uniform Holy Mass) തിരുത്തലുമായി എറണാകുളം അങ്കമാലി അതിരൂപത . ഏകീകൃത കുർബാന ഓശാന ഞായർ മുതൽ ആരംഭിക്കുമെന്നു സീറോ മലബാർ സഭാ സിനഡ് വ്യക്തമാക്കി. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ സിനഡ് അസാധുവാക്കി.
ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാനയർപ്പിക്കും. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണ്.
കർദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ചു ഇളവ് അനുവദിക്കാം എന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട് . കുർബാന ഏകീകരണം സംബന്ധിച്ച നാളുകളായി എറണാകുളം അങ്കമാലി അതിരൂപത നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിപ്പിച്ചു കൊണ്ടാണ് പുതിയ ഉത്തരവ് . കർദിനാൾ ജോർജ് ആലഞ്ചേരിയും മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആൻറണി കരിയിലും സംയുക്തമായി സർക്കുലറിൽ ഒപ്പുവച്ചിട്ടുണ്ട് .
ഏകീകരിച്ച കുർബാന ഉടൻ നടപ്പിലാക്കണമെന്ന മാർപാപ്പയുടെ ഉത്തരവും നടപ്പാക്കാൻ വൈകുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത് . കർദിനാളിനും ഏകീകരിച്ച കുർബാന രീതിക്കും എതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വലിയ വിഭാഗം വൈദികരും വിശ്വാസികളും പുതിയ ഉത്തരവിനോട് എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയേണ്ടത്. വത്തിക്കാൻ നിർദേശങ്ങൾ ലംഘിച്ച് മുന്നോട്ടു പോവുകയാണെങ്കിൽ സഭയിൽ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.
സിറോ മലബാർ കുർബാന ഏകീകരണം; ആറ് ബിഷപ്പുമാർ സിനഡിനെതിരെ വത്തിക്കാന് കത്തയച്ചു
കൊച്ചി: സിറോ മലബാർ സഭയിലെ (Syro Malabar Church) കുർബാന ഏകീകരണത്തിനെതിരെ (Uniform Holy Mass) ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തയച്ചു. സിനഡ് തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നും, 12 ബിഷപ്പുമാർ അയച്ച വിയോജനക്കുറിപ്പ് സിനഡ് അവഗണിച്ചതായും കത്തിലുണ്ട്. രണ്ടു കുർബാന രീതികളും തുടരണമെന്നും ബിഷപ്പുമാർ ആവശ്യപ്പെടുന്നു. ജനുവരി 7ന് സിറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ആരംഭിക്കാനിരിക്കെയാണ് കത്ത് പുറത്തു വരുന്നത്.
കുർബാന ഏകീകരണം സംബന്ധിച്ച ചർച്ചകളിൽ കഴിഞ്ഞ സിനഡിൽ സമവായം ഉണ്ടായിരുന്നില്ലെന്ന് ബിഷപ്പുമാർ പറയുന്നു. എന്നാൽ എല്ലാവരും അനുകൂലമാണെന്ന് മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചാണ് സിനഡ് ഉത്തരവ് വാങ്ങിയത്. സിനഡിൽ വൈദികൻ്റെ ശരീരഭാഷ സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നില്ല. കാനൺ നിയമത്തിൻ്റെ 1538 റദ്ദാക്കാൻ സിനഡിന് അധികാരമില്ലാതിരുന്നിട്ടും അതു റദ്ദാക്കിയതായി പ്രസ്താവന ഇറക്കിയതായും സഭയിൽ ഗുരുതരമായ വിഭാഗീയതയാണ് നിലവിലുള്ളതെന്നും കത്തിൽ പറയുന്നു.
കുർബാന ഏകീകരണം ആദ്യം ചർച്ച ചെയ്‌ത 1999ലെ സിനഡിൽ പങ്കെടുത്ത ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി, ബിഷപ്പ് ഗ്രേഷ്യൻ മുങ്ങാടൻ, ബിഷപ്പ് ഗ്രിഗറി കരോട്ടെംപ്രേൽ, ബിഷപ്പ് വിജയാനന്ദ് നെടുംപുറം, ബിഷപ്പ് ഡൊമിനിക്ക് കൊക്കാട്ട്, ബിഷപ്പ് തോമസ് ചക്യത്ത് തുടങ്ങിയവരാണ് കത്തയച്ചത്. കുർബാന ഏകീകരണം പോലുള്ള നിർണായക വിഷയത്തിൽ തീരുമാനമെടുത്തത് കഴിഞ്ഞ തവണ ചേർന്ന ഓൺലൈൻ സിനഡാണെന്നും നാളെ ആരംഭിക്കുന്ന സിനഡ് ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യണമെന്നും കത്ത് ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.