ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ (Gold Smuggling case) അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan) ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ (Union Minister Rajeev Chandrasekhar). വിഷയം ഉയർന്നുവന്ന 2020 ൽ ഇത് ഗുരുതരമായ വിഷയമാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസികൾ മുഴുവൻ പിന്തുണയും നൽകുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊട്ടടുത്ത ദിവസം മുതൽ കേസന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read- പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് DYFI പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി; പൊലീസ് പുറത്താക്കി
കേസിൽ ഇപ്പോൾ സ്വപ്ന സുരേഷ് നടത്തിയത് നിർണായക വെളിപ്പെടുത്തലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയതായാണ് റിപ്പോർട്ട്. കോടതിയിൽ മൊഴി നൽകുന്നത് തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ആർക്കു വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. സ്വപ്നക്ക് വാഗ്ദാനം ചെയ്ത പണം ആരുടേതാണെന്നും ഇതിന്റെ സ്രോതസ് എന്താണെന്നും അദ്ദേഹം ചോദിച്ചു. ഏറെ പ്രാധാന്യമുള്ളതെന്ന് മുൻപ് മുഖ്യമന്ത്രി വിശേഷിപ്പിച്ച കേസ് സ്വതന്ത്രമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
മനുഷ്യാവകാശത്തെ പറ്റിയും, അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിക്കുന്നവർ ഇതിനെല്ലാം വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് കറുത്ത മാസ്കണിഞ്ഞവരെ തടയുകയാണ്, പോലീസ് കൈയ്യേറ്റം ചെയ്യുന്നു. തെറ്റൊന്നും ചെയ്തില്ലെങ്കിൽ ഇങ്ങനെ ഭയക്കുന്നത് എന്തിനാണെന്നും വി മുരളീധരൻ ചോദിച്ചു. മുൻ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിമാർ സുരക്ഷ ഇല്ലാതെ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ ഗവർണർക്കുള്ളതിനെക്കൾ സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. കോൺഗ്രസ് സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുകയാന്നെനും കേന്ദ്ര സഹമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിക്ക് ബ്ലാക്ക് സിൻഡ്രോമാണെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ കുറ്റപ്പെടുത്തി. കേരളത്തിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സ്ഥിതിയാണെന്നും മുൻപൊരിക്കലും ഇത്തരമോരും അഴിമതി ആരോപണം ഉണ്ടായിട്ടില്ലെന്നും ടോം വടക്കൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Gold Smuggling Case, Pinarayi vijayan