മലപ്പുറം: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചു സംസാരിച്ചതിൽ വിശദീകരണവുമായി പി വി അബ്ദുൽ വഹാബ് എംപി. താൻ
കേന്ദ്ര മന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത് ദൗർഭാഗ്യകരമാണെന്ന് പി വി അബ്ദുൾ വഹാബ് പറഞ്ഞു. കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ തന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരൻ എന്ന് തമാശ രൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സദുദ്ദേശ്യത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വസ്തുത അന്വേഷിച്ചു. കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പി വി അബ്ദുൽ വഹാബിൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ
കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചുകൊണ്ട് രാജ്യസഭയിൽ ഞാൻ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത് ദൗർഭാഗ്യകരമാണ്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കിയത് വിവേചനപരമായിട്ടായിരുന്നു. കായിക താരങ്ങൾ ഏറെയുള്ള കേരളത്തിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. കേരളത്തിന് കൊടുത്തതിന്റെ പത്തിരട്ടി ഗുജറാത്തിന് അനുവദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയത്. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ഒഴിവാക്കുന്ന, വിദ്യാഭ്യാസ മേഖലയെ ഗൗനിക്കാത്ത കേന്ദ്ര സർക്കാർ നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു.
കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ തന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരൻ എന്ന് തമാശ രൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. സൻസദ് ആദർശ് ഗ്രാമയോജന ഉൾപ്പെടെയുള്ള ഒട്ടേറെ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കുന്നതിന് ഞാൻ എപ്പോഴും ശ്രമം നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങൾക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു. നൈപുണ്യ വികസന മേഖലയിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ഈ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമർശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു.
സദുദ്ദേശ്യത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വസ്തുത അന്വേഷിച്ചു. കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇനി ഇക്കാര്യത്തിൽ വിവാദങ്ങൾക്കും സ്ഥാനമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
പി.വി. അബ്ദുൾ വഹാബ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട്
സംസാരിച്ചു. ഈ പ്രശ്നത്തിൽ മുസ്ലിം ലീഗ് നിലപാട് പാണക്കാട് തങ്ങൾ വ്യക്തമാക്കിയതാണ്. അത് കൊണ്ട് തന്നെ ഈ വിഷയം അടഞ്ഞ അധ്യായം ആണ്. പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.