• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോദിയെ മാത്രമല്ല, പിണറായിയെയും അഭിനന്ദിച്ചിരുന്നു'; 'സംഘി' ആരോപണങ്ങൾക്ക് മറുപടിയുമായി KSU നേതാവ്

'മോദിയെ മാത്രമല്ല, പിണറായിയെയും അഭിനന്ദിച്ചിരുന്നു'; 'സംഘി' ആരോപണങ്ങൾക്ക് മറുപടിയുമായി KSU നേതാവ്

കേരള യൂണിവേഴ്സിറ്റി ചെയർമാനായ എസ്എഫ്ഐ നേതാവ് എ ആര്‍ റിയാസിനെ അഭിനന്ദിക്കുന്ന ചിത്രം സഹിതമാണ് എതിരാളികൾക്ക് അമൽ മറുപടി നൽകിയിരിക്കുന്നത്

അമൽ ചന്ദ്ര

അമൽ ചന്ദ്ര

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പതിനെട്ട് വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത് കഴിഞ്ഞ ദിവസമാണ്. അമൽ ചന്ദ്രയാണ് യൂണിറ്റ് പ്രസിഡന്റ്. ഇതിന് പിന്നാലെ അമൽ ചന്ദ്രയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ്. പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെയും കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രിയായ വി മുരളീധരനെയും അഭിനന്ദിക്കുന്ന പഴയ ഫേസ്ബുക്ക് പോസ്റ്റുകളാണ് എതിരാളികൾ പ്രചരിപ്പിച്ചത്. 'കെ.എസ്.യുവിലൂടെ ബിജെപിയിലേക്ക്' , 'യൂണിവേഴ്സിറ്റി കോളജിൽ രൂപീകരിച്ചത് എബിവിപി യൂണിറ്റാണോ?' എന്ന കമന്റുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചത്. ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി ഒടുവിൽ അമൽ ചന്ദ്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കേരള യൂണിവേഴ്സിറ്റി ചെയർമാനായ എസ്എഫ്ഐ നേതാവ് എ ആര്‍ റിയാസിനെ അഭിനന്ദിക്കുന്ന ചിത്രം സഹിതമാണ് എതിരാളികൾക്ക് അമൽ മറുപടി നൽകിയിരിക്കുന്നത്.

    അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

    പ്രിയപ്പെട്ട സുഹൃത്തുക്കളെ,

    നാട്ടുകാർ പറയുന്നതുപോലെ ആടിനെ പട്ടിയാക്കാൻ സൈബർ സഖാക്കളും അതിനെ ഏറ്റെടുക്കുന്ന ഒരു മഞ്ഞ കൈരളിയും, തീർത്തും അപമാനകരം തന്നെയാണ്!

    ക്ഷേത്രത്തിൽ പോകുന്നവരേയും, നെറ്റിയിൽ കുറിചാർത്തുന്നവരേയും കൈയ്യിൽ രാഖി കെട്ടുന്നവരേയും ഒക്കെ സംഘിയാക്കുന്ന സി.പി.ഐ(എം) തന്നെയാണ് അപകടകരമായ തരത്തിൽ കേരളത്തിൽ സംഘപരിവാറിനേ വളർത്തുന്നത്.

    നരേന്ദ്ര മോഡിയുടേയും, ആർ.എസ്.എസിന്റെയും വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ജനാധിപത്യവിരുദ്ധതയുടെ രാഷ്ട്രിയത്തെ നിരന്തരം എതിർക്കുന്ന, അതിനെതിരെ പോരാടുന്ന ഒരു കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ് ഞാൻ. രാഷ്ട്രീയത്തിനപ്പുറം നിന്നുകൊണ്ട് ജനാധിപത്യമര്യാദയുടെ ഭാഗമായി രാജ്യത്തിന്റെ പ്രധാന മന്ത്രിയായി ഭരണഘടനാപദവി ഏറ്റെടുക്കുന്ന വ്യക്തിക്കും, കേരളത്തിൽ നിന്ന് കേന്ദ്രത്തിലേക്കുള്ള ഏക മന്ത്രിക്കും, മൂഖ്യമന്ത്രി പിണറായി വിജയനും ഒക്കെ ഉചിതമായ അവസരങ്ങളിൽ ആശംസകൾ അർപ്പിക്കാനും അവരുടെ നേട്ടങ്ങളെ അംഗീകരിക്കാനുമുള്ള നല്ല സംസ്കാരം എന്നെ പഠിപ്പിച്ചത് എന്റെ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ തന്നെയാണ്.

    ഏറെ കാലം കെ.പി.സി.സി അംഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ഒരു വ്യക്തിയുടെ മകനായി ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് സംഘി പട്ടം ചാർത്താൻ ആരും തുനിയേണ്ടതില്ല. എല്ലാവരേയും സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വിശാലമായ ഒരു ആശയമാണ് ഞാൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാരുടേത്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പിൽ പിന്തള്ളപെട്ടപോഴും അതിനെ അംഗീകരിച്ച് ശ്രീ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ മുന്നോട്ട് പോകുന്നതും.

    നിങ്ങളുടെ കുപ്രചരണങ്ങൾക്കും ഭീഷണികൾക്കും ഒന്നും എന്നെ തകർക്കാനോ തളർത്താനോ കഴിയില്ല. കാരണം എന്റെ സിരകളിൽ ഒഴുകുന്നത് കോൺഗ്രസ് രക്തമാണ്.

    വർഗ്ഗീയതയുടെ വക്താക്കൾക്കെതിരിരെയും, നാട്ടിലെ അമ്പലങ്ങളേയെല്ലാം ആർ.എസ്.എസിന് തീറെഴുതികൊടുക്കുന്ന, ഒപ്പം സംഘപരിവാറിന് ഇടമുണ്ടാക്കികൊടുക്കുന്ന ക്യാമ്പസ്സുകൾ സൃഷ്ടിച്ചെടുക്കുന്ന നിങ്ങളുടെ അക്രമരാഷ്ട്രിയത്തിനെതിരെയുമുള്ള ജനാധിപത്യ പോരാട്ടം തുടരുകതന്നെ ചെയ്യും.

    ജയ് ഹിന്ദ്!

    അമൽ ചന്ദ്ര.സി.
    പ്രസിഡന്റ്, കെ.എസ്.യു - യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി, തിരുവനന്തപുരം.

    First published: