• HOME
  • »
  • NEWS
  • »
  • kerala
  • »
  • UNLIKE NEVER BEFORE CPM OPENS DOORS FOR DISGRUNTLED LEADERS IN KERALA OPPOSITION KM TV

അറച്ചുനിൽക്കാതെ മടിച്ചു നിൽക്കാതെ കടന്നുവരൂ; അസംതൃപ്തർക്കായി എ കെ ജി സെൻ്ററിൻ്റെ വാതിൽ തുറന്ന് സി പി എം

കെപിസിസി സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്തിനു പിന്നാലെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍കുമാറും സി പി എമ്മിന്റെ ഭാഗമായി

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപരം:സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും നടത്തിയ ചടുല നീക്കമാണ് കെ പി അനില്‍ കുമാറിനെ ഇത്ര വേഗം സിപിഎമ്മില്‍ എത്തിച്ചത്. കോണ്‍ഗ്രസിലെ അസംതൃപ്തര്‍ക്ക് നല്ല പരിഗണന നല്‍കുമെന്ന സന്ദേശവും സിപിഎം നേതൃത്വം നല്‍കുന്നു. കോണ്‍ഗ്രസിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് സി പി എമ്മിന്റെ ഈ നീക്കങ്ങള്‍.

അനില്‍കുമാറിന് സി പി എമ്മിലേക്കുള്ള പാലം ഇട്ടത് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ്. കോണ്‍ഗ്രസ് നേതൃത്വത്തോട് യുദ്ധ പ്രഖ്യാപനം നടത്തിയ അനില്‍ കുമാര്‍ പി .മോഹനനുമായി സംസാരിച്ചു. എളമരം കരീം എംപിയുടെ ഇടപെടലും നിര്‍ണായകമായി.ഇന്നലെ കോടിയേരി ബാലകൃഷ്ണനുമായും അനില്‍കുമാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. അതിനുശേഷമായിരുന്നു തിരുവനന്തപുരത്തെ നാടകീയ നീക്കങ്ങള്‍.

കെപിസിസി സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്തിനു പിന്നാലെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍കുമാറും സി പി എമ്മിന്റെ ഭാഗമായി. രണ്ടുപേര്‍ക്കും സിപിഎം നല്‍കിയ സ്വീകരണവും ശ്രദ്ധേയമാണ്. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു പി.എസ്.പ്രശാന്തിന്റെ എ കെ ജി സെന്ററിലേക്കുള്ള കടന്നു വരവും സി പി എം നല്‍കിയ സ്വീകരണവും.

ഇന്ന്പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന ഹാളിലായിരുന്നു മൂന്നു പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഒന്നിച്ചിരുന്ന് അനില്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും സന്നിഹിതനായിരുന്നു. അനില്‍ കുമാറിനൊപ്പം പി.എസ്. പ്രശാന്തും എത്തിയിരുന്നു. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വമ്പന്‍ സ്വീകരണം നല്‍കുമെന്നും തീരുമാനിച്ചിട്ടുണ്ട്. മറ്റന്നാളാണ് സ്വീകരണ യോഗം.

ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറുന്നു എന്ന് പരിഹസിച്ചത് സിപിഎം നേതാക്കളാണ്. അതേ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ സിപിഎമ്മിലേക്ക് ആനയിക്കുന്നത് എന്നതും കൗതുകകരം. ബി.ജെ.പിയാകട്ടേ കാഴ്ചക്കാര്‍ മാത്രമായി മാറുകയും ചെയ്യുന്നു.

കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടലാണെന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയാണെന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടു വരുന്നവര്‍ക്ക് ഒരു പ്രലോഭനവും സി പി എം നല്‍കുന്നില്ല. കോണ്‍ഗ്രസിലെ ഏകാധിപത്യ പ്രവണത, ആര്‍ എസ് എസിനോടുള്ള മുദു സമീപനം ഇതിലെയെല്ലാം എതിര്‍പ്പ് അറിയിച്ചാണ് അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിടുന്നത്.

സെമി കേഡര്‍ പാര്‍ട്ടി എന്നുപറഞ്ഞതുകൊണ്ടു മാത്രം കോണ്‍ഗ്രസ് കേഡര്‍ പാര്‍ട്ടിയാകില്ല.സി പി എമ്മിനെ അംഗീകരിക്കുന്നവര്‍ക്ക് എല്ലാ പ്രോത്സാഹനവും പാര്‍ട്ടി നല്‍കും.
അബ്ദുള്‍ ഖാദറും ഫീലിപ്പോസ് തോമസും അടക്കം എത്രയോ പേര്‍മുമ്പും വന്നു.സി പി എമ്മാണ് ജനങ്ങളുടെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു.കോണ്‍ഗ്രസിന്റെ സ്ഥിതി ഇപ്പോള്‍ത്തന്നെ വഷളാണ്.യു ഡി എഫ് തകരുകയാണെന്നും കോടിയേരി പറഞ്ഞു.
Published by:Karthika M
First published:
)}