• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുംഭമേളയിലേക്ക് ഗവർണറേയും മുഖ്യമന്ത്രിയേയും ക്ഷണിക്കാൻ യുപി മന്ത്രി

കുംഭമേളയിലേക്ക് ഗവർണറേയും മുഖ്യമന്ത്രിയേയും ക്ഷണിക്കാൻ യുപി മന്ത്രി

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടക സംഗമങ്ങളിൽ ഒന്നായ കുംഭമേളയിലേക്കും അതിനോട് അനുബന്ധിച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലേക്കും മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ഉത്തർപ്രദേശ് കായിക യുവജനക്ഷേമമന്ത്രി ഡോ. നീൽകണ്ഠ് തിവാരി നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഗവർണർ പി. സദാശിവത്തെയും നേരിട്ടെത്തി തന്നെ യുപി മന്ത്രി ക്ഷണിച്ചു. കുംഭമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഡോ. നീല്‍കണ്ഠ് തിവാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 21 മുതല്‍ 23 വരെ വാരണാസിയിലാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചിട്ടുള്ളത്.

    കുംഭമേളയില്‍ കേരളവുമായി സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളതായും ഇതിനായി കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുള്ളതായും യുപി മന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും വിശ്വാസികളും വിനോദസഞ്ചാരികളും എത്തുന്ന കുംഭമേളക്ക് ജനുവരി 15ന് പ്രയാഗ്‌രാജിലെ ത്രിവേണി സ്‌നാനഘട്ടങ്ങളിലാണ് തുടക്കമാകുന്നത്. ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളക്ക് ഔപചാരികമായി തുടക്കം കുറിക്കും. 192 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും സന്ദര്‍ശകരും ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കും. 71 രാജ്യങ്ങളുടെ പ്രതിനിധികള്‍ ത്രിവേണീ തീരത്ത് തീര്‍ഥാടനത്തിന് മുന്നോടിയായി കൊടികള്‍ ഉയര്‍ത്തിയിട്ടുള്ളതായി തിവാരി അറിയിച്ചു.

    കുംഭമേളക്കായി പ്രയാഗ് രാജില്‍ 250 കിലോ മീറ്റര്‍ റോഡുകളും 22 പാലങ്ങളും നിര്‍മിച്ച് വലിയൊരു നഗരം തന്നെ സജ്ജമാക്കിക്കഴിഞ്ഞതായും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും തിവാരി പറഞ്ഞു. 1,22,000 ശൗചാലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുംഭമേളയുടെ അടുക്കും ചിട്ടയോടുമുള്ള നടത്തിപ്പിനായി 116 കോടി ചെലവില്‍ അഞ്ച് മാസം കൊണ്ട് നിര്‍മിച്ച കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്റര്‍ സജ്ജമായിക്കഴിഞ്ഞു. 1400 സി.സി.ടി.വികളുടെ നീരീക്ഷണത്തിലായിരിക്കും കുംഭനഗരി മുഴുവനും. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പ്രവാസ് ദിവസില്‍ നോര്‍വെ പാര്‍ലമെന്റ് അംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസീലാന്‍ഡ് പാര്‍ലമെന്റ് അംഗം കന്‍വാല്‍ജിത് സിംഗ് ബക്ഷി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്ത എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും.
    First published: