HOME /NEWS /Kerala / Uthra Case verdict | അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടും പ്രതി സൂരജിന് വധശിക്ഷ ലഭിക്കാത്തത് എന്തുകൊണ്ട്?

Uthra Case verdict | അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടും പ്രതി സൂരജിന് വധശിക്ഷ ലഭിക്കാത്തത് എന്തുകൊണ്ട്?

Sooraj

Sooraj

സൂരജ് ചെയ്ത നാലു കുറ്റങ്ങളിലും ശിക്ഷ വിധിച്ച കോടതി കൊലപാതക കുറ്റത്തിൽ ഒഴികെ പരമാവധി ശിക്ഷകളാണ് നൽകിയത്. എന്തുകൊണ്ടാണ് പ്രതിക്ക് വധശിക്ഷ ലഭിക്കാതെ പോയത്?

  • Share this:

    കൊല്ലം: അപൂർവങ്ങളിൽ അപൂർവ കേസായിരുന്നിട്ടും അഞ്ചൽ ഉത്രവധക്കേസ് പ്രതിക്ക് വധശിക്ഷ ലഭിക്കാത്തതിനെ കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും, അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. എന്തുകൊണ്ടാണ് ഉത്രവധക്കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കാതെ പോയത്?

    സൂരജ് ചെയ്ത നാലു കുറ്റങ്ങളിലും ശിക്ഷ വിധിച്ച കോടതി കൊലപാതക കുറ്റത്തിൽ ഒഴികെ പരമാവധി ശിക്ഷകളാണ് നൽകിയത്. എന്നാൽ കൊലപാതക കുറ്റത്തിൽ പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയാണ് കോടതി ചെയ്തത്. പ്രതിയുടെ പ്രായം കണക്കിലെടുക്കുന്നുവെന്ന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് കോടതി വ്യക്തമാക്കി. ഇതിന് പുറമെ പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്നതും കോടതി പ്രത്യേകമായി എടുത്തു പറഞ്ഞു. ഈ രണ്ടു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സൂരജിന് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തിലേക്ക് കോടതി എത്തിയത്.

    ഉത്രയെ കൊലപ്പെടുത്തിയത്, അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്, വിഷവസ്തു ഉപയോഗിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചു, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നിങ്ങനെ നാല് കുറ്റങ്ങളായിരുന്നു സൂരജിനെതിരെ ചുമത്തിയത്. ഇതിൽ ഉത്രയെ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയതിനും അണലിയെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും ജീവപര്യന്തം ശിക്ഷ നൽകി. വിഷവസ്തു ഉപയോഗിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചതിന് 10 വർഷം തടവും, തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം തടവുമാണ് ശിക്ഷ. പതിനേഴ് വർഷത്തെ തടവ് പൂർത്തിയായ ശേഷം മാത്രമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക.

    ഉത്രവധക്കേസിൽ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ആവശ്യപ്പെട്ടത്. ഉത്രയുടെ മാതാപിതാക്കളും ഇതുതന്നെ ആഗ്രഹിച്ചിരുന്നു.

    അതിനിടെ വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.

    വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

    Also Read- Uthra Case Verdict| വധശിക്ഷയില്ല; സൂരജ് എത്രകാലം ജയിലിൽ കിടക്കും? കൊലക്കുറ്റമൊഴികെ മറ്റെല്ലാകുറ്റങ്ങൾക്കും പരമാവധി ശിക്ഷ

    302 (കൊലപാതകം) ഒഴികെ ബാക്കി എല്ലാ കുറ്റങ്ങളിലും പരമാവധി ശിക്ഷയാണ് സൂരജിന് ലഭിച്ചത്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണ് അർഹമായ ശിക്ഷ ലഭിച്ചതിന് പിന്നിൽ. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് (ദേഹോപദ്രവത്തിനും തെളിവുനശിപ്പിക്കലിനും) പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് വിധി. 27 വയസുകാരനായ സൂരജിന് 44 ാം വയസിലായിരിക്കും ജീവപര്യന്തം ആരംഭിക്കുക. ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. നിലവിലെ സെഷൻസ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കാവുന്ന ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ വ്യക്തമാക്കിയിട്ടുണ്ട്.

    ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    Also Read- Uthra Case Verdict| ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന സൂരജിന് ഇരട്ട ജീവപര്യന്തം; പ്രായം പരിഗണിച്ച്  പരമാവധി ശിക്ഷയില്ല

    മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും സൂരജിന് തുണയായി. അപ്പോഴും ജീവിതകാലം മുഴുവൻ സൂരജ് ജയിലിൽ കഴിയേണ്ടി വരുമെന്നാണ് വിധിയിൽ നിന്ന് വ്യക്തമാകുന്നത്. നഷ്ടപരിഹാരമായി അടയ്ക്കേണ്ട അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് നൽകണമെന്നാണ് കോടതി വിധി. ഇതിന് പുറമേ ലീഗൽ സർവ്വീസസ് അതോറിറ്റിയോട് കുട്ടിക്ക് വിക്ടിം കോംപൻസേഷൻ നൽകാനും നിർദ്ദേശമുണ്ട്.

    First published:

    Tags: Murder case, Uthra case, Uthra murder case